കൽപറ്റ: പോളണ്ടിൽ ജോലി വാഗ്ദാനം നൽകി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പുതിയിടം ചിറക്കര നടുവീട്ടിൽ ഹൗസ് കെ.എം. മോഹനൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പോളണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം സ്റ്റാർ എസ്.പി.സെഡ്.ഒ.ഒ എന്ന പേരിലുള്ള കമ്പനി ഉടമസ്ഥരായ എറണാകുളം സ്വദേശി മാർക്കോസ് ആന്റണിയും കണ്ണൂർ സ്വദേശിനിയായ ഭാര്യ ജിൻസി പീറ്ററുമാണ് പോളണ്ടിൽ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതെന്ന് മോഹനൻ പറഞ്ഞു. പോളണ്ടിലേക്കുള്ള വിസ ലഭിക്കുന്നതിന് 30 ദിവസം അസർബൈജാൻ, 21 ദിവസം കസാഖ്സ്താൻ, 10 ദിവസത്തോളം അർമീനിയ എന്നീ രാജ്യങ്ങളിൽ ടൂറിസ്റ്റ് വിസയിൽ താമസിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇത്രയും ദിവസം താമസിച്ചിട്ടും പ്രയോജനമുണ്ടായില്ല. തുടർന്ന് തിരിച്ചുപോന്നു. മേയ് 26ന് പോളണ്ടിൽ ജോലി ശരിയായിട്ടുണ്ടെന്ന് ഇവർ അറിയിക്കുകയും വീണ്ടും അർമീനിയയിലേക്ക് പോവുകയും ചെയ്തു. എന്നാൽ, വീണ്ടും വഞ്ചിക്കപ്പെടുകയായിരുന്നു. അതോടെ ജൂൺ 12ന് നാട്ടിലേക്ക് മടങ്ങി.
പോളണ്ടിലേക്കെന്ന് പറഞ്ഞ് വൻതുക പലരിൽനിന്നും ഇവർ വാങ്ങിയിട്ടുണ്ട്. പോളണ്ടിലെ ഇന്ത്യൻ അംബാസഡറുമായി നല്ല ബന്ധം ഉണ്ടെന്നും അവർ വഴി നല്ല ജോലി ശരിയാക്കി തരാമെന്നും വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവർക്കെതിരെ തലപ്പുഴ സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും മോഹനൻ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ജില്ല പൊലീസ് മേധാവി, മുഖ്യമന്ത്രി, ജോൺ ബ്രിട്ടാസ് എം.പി, അർമീനിയൻ അംബാസഡർ, പോളണ്ടിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.