തിരുവനന്തപുരം: സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സി.ഐമാർക്ക് 'ഊരുവിലക്ക്' പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഇനിമുതൽ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് ഇതരസംസ്ഥാനങ്ങളിൽ സി.ഐമാർ പോകേണ്ടതില്ലെന്നും പകരം അവർ സ്റ്റേഷനിൽ ഇരുന്ന് ജനങ്ങളുടെ പരാതി സ്വീകരിച്ചാൽ മതിയെന്നും ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകി. ജീവനക്കാരുടെ പരിമിതി ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ പരിഷ്കരണം.
ഐ.ടി ആക്ട് പ്രകാരം സൈബർ കേസുകളിൽ പ്രതിയെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഇൻസ്പെക്ടർ റാങ്കിൽപെട്ട ഉദ്യോഗസ്ഥനാണ്. എന്നാൽ ഇനിമുതൽ എസ്.ഐ റാങ്കിലും അതിന് താഴെയുമുള്ള ഉദ്യോഗസ്ഥർ മാത്രം ഇതരസംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തിയാൽ മതിയെന്നും പ്രതിയെ കണ്ടെത്തിയശേഷം വിവരം ജില്ല സൈബർ സ്റ്റേഷനിലേക്ക് അറിയിക്കുന്ന മുറക്ക് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിമാനം, ട്രെയിൻ വഴി സ്ഥലത്തെത്തി അറസ്റ്റ് അടക്കം നടപടികൾ സ്വീകരിച്ചാൽ മതിയെന്നുമാണ് നിർദേശം. ഇതിനെത്തുടർന്ന് ഒരുമാസമായി സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇഴയുകയാണ്.
കേരളത്തിൽ നടക്കുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഏറെയും മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്. ഇത്തരം ക്രിമിനലുകൾ സ്ഥിരമായി ഒരിടത്തും തങ്ങാത്തതിനാൽ ദിവസങ്ങളോളമാണ് അന്വേഷണസംഘത്തിന് ഇതരസംസ്ഥാനങ്ങളിൽ തമ്പടിക്കേണ്ടിവരുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഡി.ജി.പിയുടെ നിർദേശം അനുസരിച്ച് വിവിധ കേസുകളിൽ ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പോയ അന്വേഷണസംഘങ്ങൾക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ധനമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ അയച്ച് പണം തട്ടുെന്നന്ന പരാതിയിലായിരുന്നു അന്വേഷണം. പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും സി.ഐ സ്ഥലത്തില്ലാത്തതിനാൽ കുറ്റവാളികൾ രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക പൊലീസിന്‍റെ സഹായം കേരള പൊലീസിന് ലഭിക്കാത്തതും തിരിച്ചടിയായി. സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് 'ഇക്കണോമിക് ഒഫന്‍സസ് വിങ്' എന്ന പേരിൽ പുതിയ സംവിധാനം കഴിഞ്ഞമാസം നിലവിൽ വന്നെങ്കിലും പരാതിക്കാർക്ക് പ്രയോജനം ലഭിച്ചുതുടങ്ങിയിട്ടില്ല. ഇപ്പോഴും മതിയായ ഉദ്യോഗസ്ഥരെ ഈ വിഭാഗത്തിലേക്ക് നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.