കൽപറ്റ: നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്നുകുട്ടികളെ ക്രൂരമായി മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ പാപ്പൻ എന്ന രാധാകൃഷ്ണനെ അന്വേഷണ നടപടി ആരംഭിക്കുന്നതിന് മുമ്പ് മാനന്തവാടി മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത് ക്രമവിരുദ്ധമാണെന്നും കുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും മാതാപിതാക്കൾ.
കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിക്ക് ജാമ്യം നൽകിയതിലൂടെ നീതി നിഷേധമുണ്ടായതായും കുട്ടികളുടെ മാതാപിതാക്കളും ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോ ഓഡിനേറ്റർ എം. ഗീതാനന്ദനും വാർത്തസമ്മേളനത്തിൽ പരാതിപ്പെട്ടു.
സ്വാതന്ത്ര്യദിനത്തിലാണ് നെയ്ക്കുപ്പ കോളനിക്ക് സമീപമുള്ള തോട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ സമീപവാസിയായ രാധാകൃഷ്ണൻ മർദിച്ചത്. റിമാൻഡിലായ ഇയാൾക്കെതിരെ ഐ.പി.സി 324, പട്ടിക ജാതി- പട്ടിക വർഗ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം കേസെടുത്തിരുന്നു. മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി.ക്ക് അന്വേഷണം കൈമാറിയെങ്കിലും തെളിവുശേഖരിക്കുന്നതിന് മുമ്പുതന്നെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചു.
പ്രതിയെ പേടിച്ച് കുട്ടികൾ പുറത്തുപോകാൻ ഭയപ്പെടുന്നുണ്ടെന്നും പ്രതിയെ വിട്ടയച്ചാൽ ഭീഷണിപ്പെടുത്തി കേസന്വേഷണം ദുർബലപ്പെടുത്തുമെന്നും കോടതിയിൽ ഹാജറായ കുട്ടികളുടെ അമ്മമാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നൽകാനാണ് കോടതി തീരുമാനിച്ചത്. കുട്ടികൾക്കെതിരെ നടന്നത് ക്രൂരമായ അതിക്രമമാണെന്ന വസ്തുത കോടതിക്ക് മുമ്പാകെ പ്രോസിക്യൂട്ടർമാരും പൊലീസും സൗകര്യപൂർവം മറച്ചുവെച്ചു.
കേവലമൊരു അടിപിടിക്കേസല്ല ഇതെന്നും യാതൊരുവിധ കാരണവുമില്ലാതെ കുട്ടികളെ അടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് രാധാകൃഷ്ണൻ എത്തിയതെന്നും വിഷയത്തിൽ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മാതാപിതാക്കൾ പറഞ്ഞു. മർദനം മരണകാരണമായേക്കാവുന്നതു കൊണ്ട് നരഹത്യാശ്രമത്തിനുള്ള വകുപ്പുകൂടി (308) ഉൾപ്പെടുത്തേണ്ടതായിരുന്നു. തികച്ചും ജാതീയമായ അതിക്രമമായിട്ടും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിക്ക് ജാമ്യം നൽകടൻ തയാറായതിൽ ദുരൂഹതയുണ്ടെന്നും വാർത്തസമ്മേളനത്തിൽ മാതാപിതാക്കളും ഗീതാനന്ദനും പറഞ്ഞു. നെയ്ക്കുപ്പ കോളനിയിലെ മഞ്ജു, അനു, എൻ. ഹരീഷ്, ബിന്ദു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.