തൃശൂർ: ഓൺലൈനായി ഡേറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. വെങ്ങാനല്ലൂർ കിള്ളിമംഗലം മോസ്ക്കോ സെന്റർ ചെറുകര രഞ്ജിത്താണ് (32) അറസ്റ്റിലായത്. ഡേറ്റ അയച്ച് നൽകിയവർക്ക് പൂർത്തിയാക്കി ശമ്പളം ലഭിക്കുന്നതിന് ടാക്സ് ഇനത്തിൽ പണം കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. തെലുങ്കാനയിൽനിന്നാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതിയെ പിടികൂടിയത്.
ശമ്പളം നൽകാതെ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ട്. പ്രതികൾ പറഞ്ഞ പ്രകാരം ഡേറ്റ എൻട്രി ചെയ്ത് ടാക്സ് ഇനത്തിൽ 35,100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശൂർ സ്വദേശി സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് സംഘം ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കാലം താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെലുങ്കാനയിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതികൾ കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിപേരിൽനിന്ന് പണം തട്ടിയെടുത്തതായി വിവരം ലഭിച്ചു.
മലയാളികളടങ്ങുന്ന തട്ടിപ്പുസംഘത്തിലെ മറ്റുള്ള പ്രതികളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വരുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഉദ്യോഗാർഥികൾ ശ്രദ്ധ പുലർത്തണമെന്നും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ സമീപിക്കാനും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.