വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി ചോദിച്ചു; നഷ്ടപരിഹാരം നൽകാൻ ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരമായി 50,000 രൂപയും പലിശയും നൽകാൻ ലോകായുക്ത ഉത്തരവ്. നെടുമങ്ങാട് വെള്ളനാട് പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 62 വയസ്സായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസ്സായ മാതാവിനൊപ്പമായിരുന്നു താമസം.

പ്രകൃതിക്ഷോഭത്തിൽ 2014 മേയ് നാലിന് വീട് ഭാഗികമായി തകർന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫിസർ 15,000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് കാട്ടാക്കട തഹസിൽദാർക്ക് റിപ്പോർട്ട്സമർപ്പിച്ചു. പിന്നീട്, സ്ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. മൂന്നു മാസത്തിനു ശേഷം വീട് പൂർണമായും തകർന്നു. പിന്നീട്, ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും മാതാവും താമസിച്ചത്. 2019ൽ മാതാവ് മരിച്ചു.

തഹസീൽദാറെയും അഡീഷനൽ തഹസീൽദാറെയും വെള്ളനാട് വില്ലേജ് ഓഫിസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. അന്വേഷണം നടത്തിയ ലോകായുക്ത തഹസീൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു.

പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നൽകാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നല്കി. 2017 നവംബർ 21 മുതൽ ആറ് ശതമാനം പലിശയാണ് നൽകേണ്ടത്. തുക രണ്ടു മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപ്പോർട്ടിനായി കേസ് മേയ് 20 ലേക്ക് മാറ്റി.

Tags:    
News Summary - Demanded a bribe from a widow who had lost her home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.