സ്ത്രീധനപീഡനം; രാജ്യത്ത് അഞ്ചുവർഷം ജീവനൊടുക്കിയത് 11,335 വനിതകൾ

ആലപ്പുഴ: സ്ത്രീധന പീഡനം ഉൾപ്പെടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം രാജ്യത്ത് 40,772 പേർ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട്. ദാമ്പത്യ ജീവിതത്തിലെ അരുതായ്കകളുടെയും പീഡനങ്ങളുടെയും പേരിലെന്ന് തെളിഞ്ഞ കേസുകളുടെ കണക്കുകളായാണ് എൻ.സി.ആർ.ബിയുടെ ആക്‌സിഡന്റൽ ഡെത്ത് ആൻഡ്‌ സൂയ്‌സൈഡ്‌സ് ഇൻ ഇന്ത്യ എന്ന പഠനറിപ്പോർട്ടിൽ ഈ വിവരമുള്ളത്. 2017 മുതൽ 2021 വരെ 40,772 പേരാണ് വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് മാത്രം ആത്മഹത്യ ചെയ്തത്. കൊലപാതകങ്ങളും കാരണം സ്ഥിരീകരിക്കാത്ത മരണങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

വിവാഹബന്ധം വേർപെടുത്തിയ 4638 പേരാണ് ഈ കാലത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ ഏറെയും സ്ത്രീകളാണ്. സ്ത്രീധനവും പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് പ്രധാന വില്ലന്മാർ.

Full View

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളാൽ 2017 മുതൽ 2021 വരെ 23,750 സ്ത്രീകളും 17,921 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. 11,335 വനിതകൾ സ്ത്രീധന പ്രശ്നങ്ങൾ മൂലവും ആത്മഹത്യ ചെയ്തു. വിവാഹേതര ബന്ധങ്ങൾ, വിവാഹമോചനം എന്നിവയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരാണ് കൂടുതൽ ഉൾപ്പെട്ടത്. 2020ൽ മാത്രം 497 പുരുഷന്മാരാണ് ഇക്കാരണങ്ങളാൽ ജീവനൊടുക്കിയത്.

2021ൽ മാത്രം രാജ്യത്ത് 1,79,052 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2019നെക്കാൾ 7.9 ശതമാനം കൂടുതലാണിത്. 2018, 2019, 2020 വർഷങ്ങളിൽ ആത്മഹത്യ നിരക്ക് ഉയർന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. 2018ൽ നാലാം സ്ഥാനത്തായിരുന്നു കേരളം. 2020ൽ അഞ്ചാം സ്ഥാനത്തും. കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങളും ആത്മഹത്യക്ക് കാരണമാകുന്നു. ലഹരി ഉപയോഗമാണ് മറ്റൊരു വില്ലൻ.

Tags:    
News Summary - Dowry oppression; Five years in the country 11,335 women were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.