പരപ്പനങ്ങാടി: കഞ്ചാവാണെന്ന് വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി കബളിപ്പിച്ചയാളെ പിന്തുടർന്ന് അയാൾ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസിൽ പിടിയിലായ അഞ്ചംഗ സംഘം റിമാൻഡിൽ. എ.ആർ. നഗർ സ്വദേശികളായ എൻ. വിനോദ്കുമാർ (38), വി.പി. സന്തോഷ് (46), മണ്ണിൽതൊടി ഗോപിനാഥൻ (38), മജീദ് കൊളത്തറ (50), കോഴിക്കോട് കുതിരവട്ടം സ്വദേശി ദിനേശൻ (42) എന്നിവരെയാണ് താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും പരപ്പനങ്ങാടി സി.ഐ ജിനേഷും കഴിഞ്ഞദിവസം പിടികൂടിയത്. ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് സംഘം തട്ടിയെടുത്തത്. ചിറമംഗലം ജങ്ഷനിൽ നിന്ന് ഓട്ടോ വിളിച്ച് തലപ്പാറയിലെത്തിയ ചിറമംഗലം സ്വദേശി റഷീദാണ് ഇവർക്ക് ഉണങ്ങിയ പുല്ല് നൽകി 20,000 രൂപ കൈപ്പറ്റിയത്.
പുല്ലാണെന്ന് മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടർന്നു. ഇവർ വരുന്നത് കണ്ട് ഓട്ടോയിൽ നിന്ന് റഷീദ് ചാടി രക്ഷപ്പെട്ടു. ഇതോടെ സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷ കവർച്ച ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർ പരാതി നൽകിയതോടെ അഞ്ച് പ്രതികളെയും ഉടൻ പിടികൂടാൻ പരപ്പനങ്ങാടി പൊലീസിനായി. കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണമാരംഭിച്ചു. പൊലീസ് സംഘത്തിൽ എസ്.ഐ അജീഷ് കെ. ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സി.പി.ഒമാരായ മഹേഷ്, ലത്തീഫ്, രഞ്ജിത്ത്, രമേഷ്, വിബീഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.