കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ നിന്ന് ആറരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരുനാവായ പട്ടർനടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബാണ് (33) പിടിയിലായത്.
ഡെപ്യൂട്ടി കമീഷണർ എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സ്‌പെഷൽ ഡ്രൈവുകൾ സംഘടിപ്പിച്ച് പരിശോധന കർശനമാക്കിയതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രികളിൽ വ്യാപക മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാർക്ക് മൊത്തമായി മറിച്ചുവിൽക്കുകയും ചെയ്യുന്ന ഷിഹാബിനെ കുറിച്ച് വിവരം ലഭിച്ചത്.
പൊലീസിനെ കബളിപ്പിക്കാൻ ട്രെയിനിൽ ശരിയായ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പിൽ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പിൽ ട്രെയിൻ നിർത്തുമ്പോൾ ഇറങ്ങി അവിടെ കഞ്ചാവ് കൈമാറുകയാണ് ഇയാളുടെ രീതി.
കോവിഡ് കാലത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്തി ചെന്നൈയിൽ ഹോട്ടലിൽ ജോലി ചെയ്യവേയാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ലഹരി കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത് ഇയാളുടെ കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും ഫറോക്ക് സി.ഐ എം.പി. സന്ദീപ് പറഞ്ഞു.
ആന്ധ്രയിൽ നിന്ന് വിലക്കുറവിൽ വാങ്ങുന്ന കഞ്ചാവിന് കേരളത്തിൽ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനിൽ എളുപ്പം പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാം എന്നതുമാണ് ഈ നിലക്കുള്ള ലഹരികടത്തിന് സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.
പിടിയിലായ ഷിഹാബിന് ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ട്. രണ്ട് മാസത്തിനിടെ സിറ്റി പൊലീസിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ 30 കിലോ കഞ്ചാവ്, 225 ഗ്രാം എം.ഡി.എം.എ, 345 എൽ.എസ്.ഡി സ്റ്റാമ്പ്, 170 എം.ഡി.എം.എ പിൽ, ഹഷീഷ് ഓയിൽ എന്നിവയാണ് നഗരപരിധിയിൽ നിന്ന് പിടികൂടിയത്.
അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ല ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) എസ്.ഐ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഡൻസഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, ഷാഫി പറമ്പത്ത്, കാരയിൽ സനോജ്, അർജുൻ അജിത്ത്, ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ മുഹമ്മദ് ഹനീഫ, എ.എസ്.ഐമാരായ പി. ഹരീഷ്, ജയാനന്ദൻ, സി.പി.ഒ ജാങ്കിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.