എടവനക്കാട്: രമ്യ കൊലപാതകക്കേസിലെ തെളിവായ വളർത്തുനായുടെ ജഡം കണ്ടെത്താൻ പൊലീസ് വെള്ളിയാഴ്ച പ്രതിയുമായി ചാത്തങ്ങാട് ബീച്ചിലെത്തി തിരച്ചിൽ നടത്തി. പൊലീസിനൊപ്പം വെറ്ററിനറി ഡോക്ടർമാരുടെ സംഘവും ഉണ്ടായിരുന്നു.
പ്രതി അറിയിച്ച പ്രകാരം ബീച്ചിന്റെ വടക്ക് ഭാഗത്തായി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് മാറ്റിനോക്കിയെങ്കിലും മൃതാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. 15 മാസം മുമ്പാണ് രമ്യയെ ഭർത്താവായ സജീവ് കൊന്ന് കുഴിച്ചുമൂടിയത്. നാലോ അഞ്ചോ ദിവസത്തിനുശേഷം മൂടിയയിടം നായ് തിരയാൻ തുടങ്ങിയപ്പോഴാണ് നായെയും ഇയാൾ കൊന്ന് കുഴിച്ചുമൂടിയത്. എന്നാൽ, ആറുമാസങ്ങൾക്ക് മുമ്പ് രോഗം ബാധിച്ചാണ് നായ് ചത്തതെന്നും അന്നുതന്നെ ചാക്കിലാക്കി കടപ്പുറത്തെത്തിച്ച് കുഴിച്ചിട്ടുമെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ അറിയിച്ചത്.
രമ്യ ഉപയോഗിച്ചിരുന്ന ഫോണിന്റെ അവശിഷ്ടം വ്യാഴാഴ്ചത്തെ തെളിവെടുപ്പിനിടെ ചെമ്മീൻകെട്ടിൽനിന്ന് കണ്ടെത്തിയെങ്കിലും സിം കാർഡ് എവിടെയെന്ന ചോദ്യത്തിനു ഇതുവരെ പ്രതി വ്യക്തമായ മറുപടി നൽകിയിട്ടില്ല. സിംകാർഡ് കത്തിച്ചുകളഞ്ഞെന്നാണ് പ്രതി ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇനി നാലുദിനങ്ങൾ കൂടി ശേഷിക്കുന്നുള്ളൂ.
തെളിവ് നശിപ്പിക്കാൻ മാർഗങ്ങൾ തിരഞ്ഞത് യുട്യൂബിൽ
എടവനക്കാട്: കൊലപാതകത്തിനുശേഷം യുട്യൂബിൽ തിരഞ്ഞ വിവരങ്ങൾ ശേഖരിച്ചാണ് പ്രതി സജീവ് രമ്യയുടെ മൃതദേഹം കുഴിച്ചു മൂടിയത്. തെളിവുകൾ നശിപ്പിച്ചതിന് പിന്നിലെ രഹസ്യം തേടിയ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. കൊല നടന്നതിനുശേഷം കുഴി തിരഞ്ഞതും കുഴിയിൽ കിടത്തിയതും മൃതദേഹം വേഗം അഴുകാൻ കുഴിച്ചിടുന്നതിന് മുമ്പായി ഒരു അടിവസ്ത്രമൊഴിച്ച് ബാക്കിയുള്ളതെല്ലാം ഊരിമാറ്റിയതുമെല്ലാം യുട്യൂബിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത് പ്രകാരം.
പിന്നീട് തെളിവുകളായി മാറിയേക്കാവുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, എന്നിവ കത്തിച്ചുകളഞ്ഞതും ഇത്തരത്തിൽ ഇന്റർനെറ്റിൽനിന്ന് മനസ്സിലാക്കിയാണെന്ന് പ്രതി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.