കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എറിയാട് മേഖലയിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ വീണ്ടും ഇലക്ട്രിക്ക് വയർ മോഷണം. കൊടുങ്ങല്ലൂർ വടക്കേ നടയിലെ സെലക്ട് ഫുട്ട് വെയർ ഉടമ എറിയാട് മാവന പി.എസ്.കവലയിൽ ഉള്ളിശ്ശേരി നിസാറിന്റെ നിർമാണം നടക്കുന്ന വീട്ടിലെ മോഷണമാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.
വയറിങ് നടത്തിയിരുന്ന വീട്ടിൽ തുടർ പണികൾക്കായി തിങ്കളാഴ്ച ഇലക്ട്രിക്ക് പണിക്കാർ എത്തിയപ്പോഴാണ് വയർ മോഷണം അറിയുന്നത്. ഏകദേശം 50,000 രൂപയുടെ വയറാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡി.ബി. ബോക്സിലേക്ക് വലിച്ചിട്ട വയർ അപ്പാടെ വലിച്ചൂരിയും മുറിച്ചെടുത്തുമാണ് കൊണ്ടുപോയിരിക്കുന്നത്.
രണ്ട് മാസത്തിനിടെ എറിയാട്, അഴീക്കോട്, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ പത്തോളം നിർമാണം നടക്കുന്ന വീടുകളിലും മറ്റു കെട്ടിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ വരെയുള്ള ഇലക്ട്രിക്ക് വയറുകൾ മോഷ്ടാക്കൾ കടത്തിയ വീടുകളുണ്ട്. ഒരാഴ്ച മുമ്പാണ് എറിയാട് യു.ബസാറിൽ രണ്ട് വീടുകളിൽ വയർ മോഷണം നടന്നത്.
കൊടുങ്ങല്ലൂർ ചന്തപ്പുര, അഴീക്കോട് മേനോൻ ബസാർ, എറിയാട് േബ്ലാക്ക് സെന്ററിന് സമീപം, ചേരമാൻ കിഴക്ക് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ മോഷണം ഉണ്ടായിട്ടുണ്ട്.
ചിലർ പൊലീസിനെ സമീപിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളുടെ വിഹാരം തുടരുകയുമാണ്. വയറിനുള്ളിലെ കോപ്പർ ലക്ഷ്യമിട്ടാണ് മോഷണമെന്ന് കരുതുന്നു. പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് എറിയാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻറി പാർട്ടി ലീഡർ പി.കെ. മുഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.