പ്രേമസല്ലാപത്തിനിടെ ട്രെയിൻ പോയതറിഞ്ഞില്ല; പിന്നെ കാമുക​െൻറ വ്യാജബോംബ് ഓപറേഷൻ

കോഴി​ക്കോട്: കാമുകിയുമായി സല്ലപിക്കുന്നതിനിടയിൽ സ്റ്റേഷൻ വിട്ടുപോയ ട്രെയിൻ വഴിയിൽ പിടിച്ചിടാൻ കാമുകൻ ചെയ്ത പണി കണ്ടോ. നഷ്ടപ്പെട്ട ട്രെയിനിൽ ബോംബുണ്ടെന്ന് അടുത്ത സ്റ്റേഷനിലേക്ക് വിളിച്ചുപറയുക. പിന്നാലെ വന്ന ട്രെയിനിൽ കയറി ബോംബ് പരിശോധനക്കായി വഴിയിൽ പിടിച്ചിട്ട ട്രെയിനിൽ കയറുക. എന്നിട്ട് ഓപറേഷൻ സക്സസ് ആയെന്ന് കാമുകിയെ വിളിച്ച് പറയുക. കാമുകന്റെ കാഞ്ഞ ബുദ്ധി പക്ഷെ റെയിൽവേ പൊലിസിന്റടുത്ത് ചെലവായില്ല. അവർ കാമുകനെ കയ്യോടെ പിടികൂടി.

വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേർ കണ്ണൂരിൽ വെച്ച് പറയുന്നത് കേട്ടെന്ന് പൊലീസിന്റെ എമർജൻസി കൺട്രോൾ റൂമിൽ ഫോൺ മുഖേന വ്യാജ അറിയിപ്പ് നൽകിയ വെസ്റ്റ് ബംഗാൾ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടൽ (20) ആണ് അറസ്റ്റിലായത്. കോഴിക്കോട് റെയിൽവെ പൊലീസ് സ്റ്റേഷൻ എസ് .ഐ .പി. ജംഷീദാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്ന് ചെന്നൈയിലേയ്ക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സിൽ റിസർവ് ചെയ്തിരുന്ന സൗമിത്ര കൊണ്ടൽ രാത്രി പത്തുമണിയോടെ പ്ലാറ്റ് ഫോമിലെത്തി കാമുകിയെ ഫോൺ വിളിച്ച് കൊണ്ടിരിക്കെ 01.45 വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് പോയതറിഞ്ഞിരുന്നില്ല. ഷൊർണ്ണൂരിലെത്തിയാൽ ചെന്നൈയിലേയ്ക്കിനി ട്രെയിൻ ലഭിക്കുമെന്ന് ചോദിച്ച് മനസിലാക്കിയ പ്രതി തൊട്ടുപിറകിൽ വന്നിരുന്ന സമ്പർക്ക ക്രാന്തി എക്സ്പ്രസ്സിൽ ജനറൽ ടിക്കെറ്റെടുത്ത് യാത്ര ചെയ്തു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 20 മിനുറ്റ് വൈകിയാൽ അതിൽ ഹൗറയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നും പ്രതി മനസിലാക്കി. അപ്പോഴാണ് തലയിൽ ബോംബുദിച്ചത്.  പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ ഒരു ബക്കറ്റിൽ ബോംബ് വെച്ചതായി കണ്ണൂരിൽ നിന്നും രണ്ട് പേർ പറയുന്നത് കേട്ടിരുന്നെന്ന് ക​ൺട്രാൾ റൂമിലേക്ക് അറിയ്ക്കുകയായിരുന്നു.

ട്രെയിൻ കോഴിക്കോട് വിട്ടതിനാൽ തിരൂരിലും തുടർന്ന് ഒന്നര മണിക്കൂർ ഷൊർണ്ണൂരിലും പൊലീസും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. ഇതോടെ ട്രെയിൻ രണ്ട് മണിക്കൂർ വൈകി. മൊബൈൽ ഓഫ് ചെയ്തിരുന്നതിനാൽ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താനും സാധിച്ചിരുന്നില്ല. സമ്പർക്ക ക്രാന്തി എക്സ്പ്രസ് ഷൊർണ്ണൂരിൽ എത്തിയപ്പോൾ പ്രതി വെസ്റ്റ് കോസ്റ്റിലേക്ക് മാറി കയറുകയും മിഷൻ സക്സസ് ആയി എന്ന വിവരം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. കൺട്രോൾറൂമിൽ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താൻ സാധിക്കാത്തതിനാൽ മൊബൈൽ നമ്പറിന്റെ വിവരം ശേഖരിച്ചതിൽ പ്രതി വെസ്റ്റ് ബംഗാൾ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട ആളാകുമെന്നും ചെന്നൈയിൽ നിന്ന് കണക്ഷൻ ട്രെയിൻ ഉണ്ടാകുമെന്നും എസ്.ഐ ജംഷീദിന് സംശയം തോന്നിയതിൽ ആർ.പി.എഫുമായി ബന്ധപ്പെട്ട് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ റിസർവേഷൻ ചാർട്ട് പരിശോധിച്ചതിൽ പ്രതിക്ക് എസ് 9 കോച്ചിൽ റിസർവേഷൻ ഉള്ളതായി മനസിലായി. അപ്പോഴേക്കും ട്രെയിൻ ജോർ പേട്ട സ്റ്റേഷൻ കഴിഞ്ഞിരുന്നു. തുടർന്ന് ആർ.പി.എഫ് കണ്ണൂർ ഇൻസെക്ടർ ബിനോയി ആന്റണി ഇടപെട്ട് ചെന്നൈ സെൻട്രൽ ആർ.പി.എഫിനെ ബന്ധപ്പെടുകയും കാട്പാടിയിൽ വെച്ച് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

ചെന്നൈ സെൻട്രലിൽ ഇറക്കിയ പ്രതിയെ കേഴിക്കോട് റെയിൽവെ പൊലീസിന് കൈമാറി. വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ അംബേദ്കർ കോളേജിൽ സ്കോളർഷിപ്പോടെ ബി.എ ഹിസ്റ്ററി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് പ്രതി. ഒന്നര മാസം മുമ്പാണ് പ്രതി കണ്ണൂരിലേക്ക് പിതാവിന്റെ കൂടെ ജോലിക്ക് വന്നത്. ആർ.പി.എഫ് കണ്ണൂർ ഇൻസ്പെക്ടർ ബിനോയി ആന്റണി കേഴിക്കോട് റെയിൽവെ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ ശ്രീകുമാർ, എസ് .സി.പി ഒ ഹരീഷ് കുമാർ, മനാഫ് എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

Tags:    
News Summary - Fake bomb threat: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.