ദിസ്പൂർ: ജനവാസ കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ട പെൺ കടുവയെ ആക്രമിച്ച് നാട്ടുകാർ. ആക്രമണത്തിൽ കടുവയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുകയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്തു. മൂക്കിലൂടെ രക്തസ്രാവമുണ്ടായി. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അസമിലെ നാഗോൺ ജില്ലയിലെ കാലിയബോറിലാണ് സംഭവം. മൂന്ന് വയസ് പ്രായമുള്ള റോയൽ ബംഗാൾ കടുവക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാമാഖ്യ റിസർവ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികൾ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കടുവയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പെണ്‍ കടുവ സമീപത്തെ നദിയിലേക്ക് വീണു. 17 മണിക്കൂർ കഴിഞ്ഞാണ് കടുവയെ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ആക്രമിച്ചതെന്ന് ഗുവാഹത്തിയിലെ ഒരു ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ജനങ്ങൾ ആക്രമിച്ചതിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനാണ് സ്ഥലത്തെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് കടുവയെ കാസിരംഗയിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റി. ഇനി കടുവയെ സ്ഥിരമായി മൃഗശാലയിൽ പാർപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.