പന്തളം: തട്ട ഒരിപ്പുറത്ത് ക്ഷേത്ര ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ നാലുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.
നാലാം പ്രതി അടൂർ പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് (23), അഞ്ചാം പ്രതി പന്തളം തെക്കേക്കര പട്ടുക്കോട്ടുക്കൽ സ്വദേശി സദനം വീട്ടിൽ വിഷ്ണു (27), ആറാം പ്രതി പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (27), ഏഴാം പ്രതി ശാലിനി ഭവനിൽ നിധിൻ (ഷാജി-27) എന്നിവരാണ് അറസ്റ്റിലായത്. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികളെ പിടികൂടാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉത്സവം കണ്ട് മടങ്ങുകയായിരുന്ന വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറിന്‍റെ മകൻ നിബിൻ കുമാറിനെയാണ് (26) വെട്ടിപ്പരിക്കേൽപിച്ചത്.
ചൊവ്വാഴ്ച രാത്രി 12ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിബിൻ കുമാറിനെയും സുഹൃത്തുക്കളെയും പിന്തുടർന്ന് മൂന്ന് കാറിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. നരിയാപുരം സെന്‍റ് പോൾസ് സ്കൂൾ ഗ്രൗണ്ടിന് സമീപത്താണ് സംഭവം.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് നിരവധി അടിപിടിക്കേസിലും ലഹരിവസ്തുക്കൾ കടത്തിയ കേസിലും പ്രതിയായ ഇജാസിനെ അടൂർ പൊലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ്. സംഘർഷത്തിന്‍റെ സൂത്രധാരൻ കീരുകുഴി സ്വദേശി ശരത്ത് അടക്കം ഒളിവിലാണ്.
അറസ്റ്റിലായ നാലുപേരും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് നിഗമനം. പ്രതികളെ അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.