വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോടതിയെ സമീപിക്കാൻ പരാതിക്കാരൻ

പറവൂർ: ട്രാവൽ ഏജൻസിയുടെ മറവിൽ കുവൈത്തിൽ വലിയ ശമ്പളത്തിന് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 70ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. പിറവം കളമ്പൂർകാവ് വള്ളിനായിൽ വർഗീസ് തോമസിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മാഞ്ഞാലി മാട്ടുപുറം സ്വദേശി മുഹമ്മദ് സലീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നാണ് പരാതി.

2012ലാണ് വർഗീസ് തോമസും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ആറുലക്ഷം രൂപ കുവൈത്തിൽ നഴ്സിങ് ജോലിക്ക് പോകാനായി സലീമിന് നൽകിയത്. ബാങ്ക് വഴിയാണ് പണം കൈമാറിയത്. ഓരോ അവധികൾ പറഞ്ഞ് നീട്ടിക്കൊണ്ടിരിക്കേ ഇയാൾ തട്ടിപ്പുകാരനാണെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചപ്പോഴും അവധി പറയുകയായിരുന്നു. പറവൂർ പൊലീസിന്‍റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും അതനുസരിച്ച് പണം സലിം കൈമാറിയില്ല.

ഇതേ തുടർന്നാണ് പരാതി നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറാകാത്തതിനാൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്‍റെ നീക്കം. ഭരണകക്ഷി പത്രത്തിൽ പ്രവർത്തിക്കുന്നതിനാലാണ് പൊലീസ് നടപടിക്ക് മടിക്കുന്നതെന്നാണ് ആക്ഷേപം.

2014ൽ നിരവധിയാളുകളിൽനിന്ന് 68 ലക്ഷത്തോളം തട്ടിയെടുത്തതിനെ തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് സലീമിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാൾക്കെതിരായ മറ്റൊരു സാമ്പത്തിക തട്ടിപ്പുകേസും ഇപ്പോൾ കോടതിയിലാണ്. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ വനിത ജീവനക്കാരെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിലും സലീമിനെതിരെ കേസുണ്ട്.

Tags:    
News Summary - Fraud by offering employment abroad: Complainant to approach court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.