തിരൂര്‍: ക്യൂനെറ്റിെൻറ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയവർ മറയാക്കിയത് കോവിഡ് പ്രതിസന്ധിയും. പലരുടെയും വരുമാനം നിലച്ചതോടെയാണ് ക്യൂനെറ്റിലൂടെ മികച്ച വരുമാനം നേടാമെന്ന വാഗ്ദാനവുമായി ഏജൻറുമാർ സമീപിച്ചത്. ഗൾഫിലേക്കുള്ള തിരിച്ചുപോക്ക് പ്രതിസന്ധിയിലായവരെയടക്കമാണ് പ്രധാനമായും തട്ടിപ്പിനിരയാക്കിയത്.
അമിത ആത്മവിശ്വാസത്തിൽ പലരും ഉറ്റസുഹൃത്തുക്കളായവരെയും ബന്ധുക്കളെയും ചേർത്തു. ലഭിച്ച ചെറിയ വരുമാനം പലരും പൊലിപ്പിച്ച് കാണിച്ചതോടെ സാധാരണക്കാരുൾപ്പെടെയുള്ള പലരും വീടിെൻറ ആധാരം പണയം വെച്ചും സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റും ക്യൂനെറ്റിലേക്ക് ലക്ഷങ്ങൾ മുടക്കുകയായിരുന്നു.
രാജ്യത്തുണ്ടായ പ്രതിസന്ധി ഇതിനെ ബാധിക്കില്ലെന്നും മറ്റ് രാജ്യങ്ങളിൽ പടർന്ന് പന്തലിച്ച ഇ- കോമേഴ്സാണ് ക്യൂനെറ്റെന്നും ഏജൻറുമാർ തെറ്റിദ്ധരിപ്പിക്കുകയും ചതിക്കുഴിയിൽ പലരും വീഴുകയും ചെയ്തു. ഇല്ലാത്ത പണം സംഘടിപ്പിച്ച് ചേർന്നവർക്ക് പിന്നീടാണ് വഞ്ചിതരായെന്ന് ബോധ്യമായത്. പരാതി കൊടുക്കാനായി, തട്ടിപ്പിനിരയായ പലരുടെയും കൈയിൽ പണം കൈമാറിയതിെൻറ വ്യക്തമായ രേഖ പോലുമില്ല. പലരും ഉറ്റ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ച് പണം നേരിട്ട് കൈമാറുകയായിരുന്നു.
കർണാടകയിലെ ക്ലാസിക്ക് എൻറർെപ്രെസസ് എന്ന കമ്പനിയുടെ പേരിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഏജൻറുമാർ പറഞ്ഞത് പ്രകാരം പണം അയച്ചവരുമുണ്ട്. ഇത്തരത്തിൽ പണം അയച്ച ആലത്തിയൂർ സ്വദേശിയാണ് കഴിഞ്ഞ ദിവസം തിരൂർ പൊലീസിൽ പരാതി നൽകിയത്.
കുറ്റിപ്പുറം പൊലീസ് കേസെടുത്തു
തിരൂർ: ക്യൂനെറ്റിെൻറ പേരിൽ തട്ടിപ്പ് നടത്തിയതിന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. കുറ്റിപ്പുറം നടുവട്ടം സ്വദേശി പരപ്പിൽ അബ്ദുൽ ജലാലാണ് പരാതിക്കാരൻ. ഇയാളുടെ 4.5 ലക്ഷം രൂപ ക്യൂനെറ്റ് എന്ന ബഹുരാഷ്ട്രകമ്പനിയിൽ ഫ്രാഞ്ചൈസി എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പരിചയക്കാരായ വെട്ടം പരിയാപുരം സ്വദേശികൾ തട്ടിയെടുത്തെന്നാണ് പരാതി. ഫ്രാഞ്ചൈസി കിട്ടാൻ വൈകിയപ്പോൾ പരാതിക്കാരൻ വിശദാംശങ്ങൾ അന്വേഷിച്ചപ്പോളാണ് ഇത് ക്യൂനെറ്റല്ല, ക്യു വൺ കമ്പനിയാണെന്ന് മനസ്സിലായത്.
ഇവർക്ക് മൾട്ടി ലെവൽ മാർക്കറ്റിങ് മോഡൽ ബിസിനസാണെന്നും പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയവരാണെന്നും മനസ്സിലായതോടെ ഇവരോട് നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, ഇതോടെ പ്രതികൾ മുങ്ങുകയായിരുന്നെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.