ജോബിന് തോമസ്
നെടുങ്കണ്ടം: 500 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം പൊലീസ് പിടികൂടി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ മണിക്കുറുകള്‍ക്ക് ശേഷം എക്സൈസ് സംഘം 2.200 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. മുണ്ടിയെരുമ പുതുപ്പറമ്പില്‍ വീട്ടില്‍ ജോബിന് തോമസിനെയാണ് (40) ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നെടുങ്കണ്ടം മുണ്ടിയെരുമ കുരിശുമല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത്.
വില്പനക്കായി ബാഗിൽ കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. കൊലക്കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ട് ഒന്നര മാസമേ ആയുള്ളൂ. ഒഡിഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി കൂടുതല്‍ വിലക്ക് ഇവിടെ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് ജോബിന് മൊഴി നല്കി. ഒഡിഷയില്‍ നിന്ന് കമ്പത്തെത്തിയ ശേഷം അവിടെ നിന്ന് വനത്തിലൂടെ നടന്നുവരികയാണ് പതിവ്. ഇവിടെയെത്തി കഞ്ചാവ് ചെറുപൊതികളാക്കിയാണ് വില്പന നടത്തുന്നതെന്നും മൊഴി നല്കി. വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്.
ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.പി. മിഥിന് ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ നെബു, ഷാജി ജെയിംസ്, തോമസ് ജോണ്‍, പ്രിവന്റീവ് ഓഫിസര്‍ സിജുമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആല്ബിന്, അരുണ്‍ ശശി, സിറില്‍, അജിത്ത്, ആകാശ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ അശ്വതി, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി.കെ. ശശി എന്നിവരും പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.