തിരുവനന്തപുരം: കരിമഠം കോളനിയിലെ കഞ്ചാവ് വില്പന തടഞ്ഞ നസീറിനെ പ്രതികള്‍ വെട്ടി ക്കൊല്ലുന്നത് കണ്ടതായി കരിമഠം സ്വദേശികളായ ഷിബുവും രാജേഷും കോടതിയില്‍ മൊഴി നല്കി. കൊല്ലപ്പെട്ട വാള് നസീര്‍ എന്ന നസീര്‍ മയക്കുമരുന്ന് വില്പനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്.
നഗരത്തിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്കുമരുന്ന് കച്ചവടം നടത്തിയാല്‍ പൊലീസിൽ വിവരം നല്‍കുമെന്ന് നസീര്‍ പറഞ്ഞിരുന്നു.
ഇങ്ങനെ പറഞ്ഞ് 10 മിനിറ്റ് ആകുന്നതിന് മുമ്പ് സതി സുഹൃത്തുക്കളുമായെത്തി നസീറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതായി സാക്ഷികള്‍ കോടതിയില്‍ മൊഴി നല്കി. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.2006 സെപ്റ്റംബര്‍ 11ന് വൈകീട്ട് 5.30ന് കരിമഠം കോളനിക്കുള്ളിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുന്നിലാണ് പ്രതികള്‍ നസീറിനെ ആക്രമിച്ചത്. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നസീര്‍ 23ാം ദിവസം മരിച്ചു.
കരിമഠം കോളനി സ്വദേശികളായ നസീര്‍, അയ്യപ്പന്, തൊത്തി സെയ്ദാലി എന്ന സെയ്ദാലി, തൈലം ഷാജി എന്ന ഷാജി, മനു, ജയന്, കാറ്റ് നവാസ് എന്ന നവാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇതില്‍ അയ്യപ്പന്, ഷാജി, മനു എന്നിവര്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് മരിച്ചു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്കുമരുന്ന് വില്പന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.