കൊച്ചി: ഹാരിസൺസിന് 1976ൽ അനുവദിച്ച നിയമവിരുധ ക്രയ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യണമെന്ന് സ്പെഷ്യൽ ഓഫീസർ ഡോ. എ. കൗശിഗൻ. വിദേശ കമ്പനിയായിരുന്ന മലയാളം പ്ലാന്‍റേഷൻസിന് (യു.കെ) 1976 സെപ്തംബർ 30ന് കോട്ടയം സ്പെഷ്യൽ മുൻസിപ്പൽ ലാൻഡ് ട്രൈബ്യൂണൽ നൽകിയ 763.11 ഏക്കർ ഭൂമിയുടെ ക്രയ സർട്ടിഫിക്കറ്റ് (നമ്പർ-3062/1976) റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഓഫീസർ കോട്ടയം കലക്ടർക്ക് കത്തുനൽകി.
1947നു മുൻപ് യു.കെ ആസ്ഥാനമാക്കിയുള്ള ഹാരിസൺസ് കമ്പനി കൈവശംവെച്ചിരുന്ന സർക്കാർ ഭൂമിയും ദേവസ്വം ഭൂമിയും മറ്റു സ്വകാര്യ പാട്ടഭൂമിയും നിലവിൽ കൈവശം വച്ചിരിക്കുന്നത് ഹാരിസൺസ് അടക്കമുള്ള കമ്പനികളാണ്. ഹൈകോടതിയുടെയും സർക്കാറിന്‍റെയും നിർദേശപ്രകാരം സ്പെഷ്യൽ ഓഫീസർ നടത്തിയ 1057ലെ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെടുത്തിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് കൈവശഭൂമിയുടെ ഉടമസ്ഥ തെളിയിക്കുന്നതിനുള്ള രേഖകൾ ഈ കമ്പനികളോട് ആവശ്യപ്പെട്ടത്.
ഹാരിസൺസ് സ്പെഷ്യൽ ഓഫിസിൽ ഹാജരാക്കിയ രേഖകളുടെ പകർപ്പുകളിൽ 763.11 ഏക്കർ ഭൂമിയുടെ ക്രയ സർട്ടിഫിക്കറ്റിന്‍റെ നോട്ടറി പകർപ്പുണ്ടായിരുന്നു. രേഖകൾ പരിശോധിച്ചതിൽ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 72 (ഒന്ന്) പ്രകാരം 1970 ജനുവരി ഒന്നിന് സർക്കാറിൽ നിക്ഷിപ്തമായ ഭൂമിയാണിതെന്ന് കണ്ടെത്തി. ഉടമസ്ഥന് സംസ്ഥാനത്തുള്ള ഭൂമിയുടെ ആകെ വിസ്തീർണ്ണം കണക്കാക്കി വകുപ്പ് 82ലെ സീലിങ് പരിധിക്കുള്ളിൽ മാത്രമാണ് ക്രയ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.
നിയമം നിലവിൽ വന്നത് 1964 എപ്രിൽ ഒന്നിനാണ്. ഹാരിസൺസ് പ്ലാന്‍റേഷൻസ് (യു.കെ) 1908ലെ കമ്പനീസ് ആക്ട് പ്രകാരം ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണെന്ന് അവർ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണ്. 1978ലാണ് വിദേശ കമ്പനിയെ സംയോജനത്തിലൂടെ ഇന്ത്യൻ കമ്പനിയായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. സംയോജനം നടന്നതോടെ പഴയ കമ്പനിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടു. അതായത് പഴയ കമ്പനിയുടെ ആനുകൂല്യങ്ങൾ പുതിയ കമ്പനിക്ക് ലഭിക്കില്ല. ഹാരിസൺസ് മലയാളം നിലവിൽ വന്നതാകട്ടെ 1984ലുമാണ്.
ഭൂപരിഷ്കരണത്തിന്‍റെ മുഖ്യലക്ഷ്യം സംസ്ഥാനത്തെ ഭൂരഹിതരായ പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ആ നിയമത്തിലെ വകുപ്പ് 72 (ഒന്ന്) പ്രകാരം സർക്കാറിൽ നിക്ഷിപ്തമായ 763.11 ഏക്കർ ഭൂമിയാണ് 1976ൽ സീലിങ് പരിധി ലംഘിച്ച് വിദേശ കമ്പനികൾ പതിച്ചു നൽകിയത്. 1973-ലെ ഫെറ നിയമപ്രകാരം വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഭൂമി ലഭിക്കണമെങ്കിൽ റിസർവ് ബാങ്കിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇവിടെ ഭൂപരിഷ്കരണ നിയമത്തിന്‍റെയും ഫെറയുടെയും ലംഘനം നടന്നു. നിയമവിരുധമായ ക്രയ സർട്ടിഫിക്കറ്റുകൾ നിയമപ്രകാരം അധികാരമുള്ള കേന്ദ്രങ്ങൾക്ക് റദ്ദ് ചെയ്യാമെന്ന് 2018 ഏപ്രിൽ 11ലെ വിധിന്യായത്തിൽ ഹൈകോടതിയുടെ നിരീക്ഷിച്ചിരുന്നു.
വിദേശകമ്പനികൾക്കും പൗരന്മാർക്കും ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആർജിക്കുന്നതിനും റിസർവ് ബാങ്കിന്‍റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി 2021 ഫെബ്രുവരി 26ലെ ഉത്തരവിൽ വ്യക്തമാക്കി. ഫെറ നിയമം നിലവിൽ വന്ന തീയതി മുതൽ 90 ദിവസത്തിനകം വകുപ്പ് 31 (നാല്) പ്രകാരം വിദേശ കമ്പനികളും പൗരന്മാരും ഇന്ത്യയിൽ കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ചുള്ള റിട്ടേൺ റിസർവ്ബാങ്കിൽ ഫയൽ ചെയ്യണം. നിയമ നിഷേധങ്ങൾ പരിശോധിക്കുന്നതിന് ഒപ്പം ഭൂപരിഷ്കരണ നിയമപ്രകാരം ഇന്ത്യൻ കമ്പനിയല്ലാത്ത വിദേശകമ്പനിയായ ഹാരിസൺസിന് ക്രയ സർട്ടിഫിക്കറ്റ് അനുവദിച്ച സാഹചര്യവും വകുപ്പ് 82 ൽ പരാമർശിക്കുന്ന പരിധിക്കുപുറത്ത് ഭൂമി അനുവദിച്ച സാഹചര്യവും പരിശോധിക്കണമെന്നാണ് കത്തിൽ സ്പെഷ്യൽ ഓഫിസർ ഡോ. എ. കൗശിഗൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് 1976ലെ 3062ാം നമ്പർ ക്രയ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുന്നതിനുള്ള അപേക്ഷ പൊതു താൽപര്യം മുൻ നിർത്തി അപ്പലേറ്റ് അതോറിറ്റിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ 2021 ഫെബ്രുവരി 26 ലെ വിധിന്യായത്തിന്‍റെയും ക്രയ സർട്ടിഫിക്കറ്റിന്‍റെയും പകർപ്പുകളും കോട്ടയം കലക്ടർക്ക് കൈമാറി. 2014ൽ ലാൻഡ് ബോർഡ് സെക്രട്ടറിയായരുന്ന പി. മേരിക്കുട്ടി ഹിരാസൺസിന് താലൂക്ക് ലാൻഡ് ബോർഡ് നൽകിയ ഭൂമി ഉളവുകൾ പുനഃപരിശോധിക്കണമെന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, സർക്കാർ തുടർ നടപടി സ്വീകരിച്ചില്ല. സുപ്രീംകോടതി വിധിയുടെ കൂടി പഞ്ചാത്തലത്തിൽ സ്പെഷ്യൽ ഓഫിസറുടെ കത്ത് ഹരാസിൺസ് കേസിൽ വഴിത്തിരുവായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.