പ്രായമായ അച്ഛനെയും അമ്മയെയും സഹോദരിയെയും എപ്പോഴും പരിഹസിക്കും; സഹിക്കാൻ വയ്യാതെ ഭാര്യയെ കൊന്ന് സ്യൂട്കേസിലാക്കിയെന്ന് ടെക്കി യുവാവ്

പ്രായമായ അച്ഛനെയും അമ്മയെയും സഹോദരിയെയും എപ്പോഴും പരിഹസിക്കും; സഹിക്കാൻ വയ്യാതെ ഭാര്യയെ കൊന്ന് സ്യൂട്കേസിലാക്കിയെന്ന് ടെക്കി യുവാവ്

ബംഗളൂരു: ഭാര്യയെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി വീടുവിട്ട ടെക്കി യുവാവ് ഒടുവിൽ പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. സ്വകാര്യ കമ്പനിയിലെ സീനിയർ പ്രോജക്ട് കോഓർഡിനേറ്ററായ രാകേഷ് ഖേദേകർ ആണ് ഭാര്യയായ ഗൗരി സംബ്രേകറെ(32) കൊലപ്പെടുത്തിയത്. മാർച്ച് 26ന് ഇവർ താമസിച്ചിരുന്ന ഹുളിമാവിന് സമീപമുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിലാണ് സംഭവം.

കൊലപാതകം നടന്നതിന് ശേഷം രാകേഷ് ഗൗരിയുടെ സഹോദരനെ വിളിച്ച് കുറ്റമേറ്റ് പറഞ്ഞതാണ് സംഭവത്തിൽ വഴിത്തിരിവായത്. ഏപ്രിൽ രണ്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് രാകേഷിനെ. പ്രായമായ അച്ഛനെയും അമ്മയെയും ഇളയ സഹോദരിയെയും ഗൗരി എപ്പോഴും പരിഹസിക്കുമായിരുന്നുവെന്നും അതിൽ അസ്വസ്ഥനായിരുന്നുവെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു.

''വീടിനകത്തും പുറത്തും വെച്ച് എപ്പോഴും ഗൗരി ഇവരെ അപമാനിച്ച് സംസാരിക്കും. നിലവിലെ ജോലി വിട്ട് ബംഗളൂരുവിലേക്ക് പോകാൻ നിർബന്ധിച്ചു. അച്ഛനമ്മമാരെ വിട്ട് പുതിയ ജീവിതം തുടങ്ങുകയായിരുന്നു ഗൗരിയുടെ ലക്ഷ്യം. സ്കൂൾ കാലം തൊട്ടേ തന്നിൽ ആധിപത്യം സ്ഥാപിക്കാനാണ് ഗൗരി ശ്രമിച്ചത്. എന്നാൽ അവളെ ഭ്രാന്തമായി പ്രണയിച്ചതിനാൽ ഒന്നും എതിർക്കാൻ കഴിഞ്ഞില്ല.

ഒരുമാസമായി അന്വേഷിച്ചിട്ടും ബംഗളൂരുവിൽ പുതിയ ജോലി കണ്ടെത്താൻ ഗൗരിക്ക് കഴിഞ്ഞില്ല. തുടർന്ന് മുംബൈയിലേക്ക് പോകാൻ നിർബന്ധിച്ചു. അതെ ചൊല്ലി നിരന്തരം കലഹിക്കുകയും ചെയ്തു. മാർച്ച് 26ന് ഗൗരിയും രാകേഷും വീട്ടിൽ തനിച്ചായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് രണ്ടുപേരും നടക്കാൻ പോയി. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ മദ്യവും സ്നാക്സും വാങ്ങി. രാത്രി 7.30ഓടെയാണ് വീട്ടിൽ മടങ്ങിയെത്തിയത്.''-എന്നാണ് രാകേഷ് പൊലീസിനോട് പറഞ്ഞത്. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ മദ്യപിക്കുന്ന ശീലമുണ്ട് രാകേഷിന്. പാട്ടുകൾ വെച്ചും ഭക്ഷണം വിളമ്പിക്കൊടുത്തും ഗൗരിയും കമ്പനി കൊടുക്കും. രണ്ടുപേർക്കും ഇഷ്ടമുള്ള പാട്ടുകളാണ് കേൾക്കുക. അന്ന് രാത്രി രാകേഷ് പാട്ടു കേട്ടുകൊണ്ടിരുന്നു. ഗൗരി ഭക്ഷണം തയാറാക്കാനും പോയി. പാട്ടുമാറ്റാനുള്ള തന്റെ ഊഴം വന്നപ്പോൾ ഗൗരി ഒരു മറാത്തി ഗാനം വെച്ചു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കളിയാക്കുന്നതായിരുന്നു ആ പാട്ട്. പാട്ട് കേട്ട് ദേഷ്യം വന്ന രാകേഷ് ഗൗരിയെ പിടിച്ചു തള്ളി. അടുക്കളയിലേക്ക് തെറിച്ചു വീണ ഗൗരിക്കും രോഷം അടക്കാനായില്ല. കറിക്കത്തിയെടുത്ത് രാകേഷിന് നേരെ വീശി. ആ കത്തി പിടിച്ചെടുത്ത രാകേഷ് ഗൗരിയുടെ കഴുത്തിലും വയറ്റിലും കുത്തി. പൾസ് പരിശോധിച്ച് ഗൗരിയുടെ മരണം ഉറപ്പാക്കിയ രാകേഷ് ഒഴിഞ്ഞ സ്യൂട്കേസിൽ മൃതദേഹം മടക്കിവെച്ചു. ബാത്റൂമിനടുത്ത് അത് സൂക്ഷിച്ചുവെച്ചു. വീട് വൃത്തിയാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തുടർന്ന് വീട് പൂട്ടി അർധ രാത്രിയോടെ സ്ഥലം വിടുകയായിരുന്നു. മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടയിലാണ് പിടിയിലായത്.

Tags:    
News Summary - How techie killed his wife after she mocked him with Marathi song about father son relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.