ബോംബെ ഐ.ഐ.ടി വിദ്യാർഥിയുടെ ആത്മഹത്യ; പിതാവിന്റെ പരാതിയിൽ കേസെടുത്തു

മുംബൈ: ബോംബെ ഐ.ഐ.ടി ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കേസെടുത്തു. പിതാവിന്റെ പരാതിയിൽ ജാതീയ വിവേചനത്തിനാണ് അജ്ഞാതർക്കെതിരെ കേസെടുത്തത്.

ദർശന്റെ ഹോസ്റ്റൽ മുറയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി എസ്.ഐ.ടി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് പ്രകാരം ദർശന്റെ സഹപാഠി അർമാൻ ഇഖ്ബാൽ ഖത്രിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് പരാതി നൽകാൻ എസ്.ഐ.ടി നിർബന്ധിച്ചതായി ദർശന്റെ പിതാവ് ആരോപിച്ചിരുന്നു. ജാതീയ വിവേചനം ആരോപിച്ചുള്ള തങ്ങളുടെ പരാതി മാറ്റിവെച്ച എസ്.ഐ.ടി അവരെഴുതിയുണ്ടാക്കിയ പരാതിയിൽ ഒപ്പിടാൻ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് കത്തെഴുതുകയും ചെയ്തു. തുടർന്നാണ് ജാതീയ വിവേചനം ആരോപിച്ചുള്ള പിതാവിന്റെ പരാതിയിൽ എസ്.ഐ.ടി കേസെടുത്തത്.

ദർശന്റെ മരണത്തിന് ഒന്നര മാസത്തിനുശേഷമാണ് എസ്.ഐ.ടി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത്. എസ്.ഐ.ടി കേസേറ്റെടുക്കും മുമ്പ് അന്വേഷണം നടത്തിയ പവായ് പൊലീസിനും ബോംബെ ഐ.ഐ.ടിയുടെ പ്രത്യേക അന്വേഷണ സംഘത്തിനും ആത്മഹത്യ കുറിപ്പ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ദർശൻ ജാതീയ വിവേചനത്തിന്റെ ഇരയാണെന്ന് ദലിത് വിദ്യാർഥി സംഘടനകളും ബന്ധുക്കളും ആരോപിച്ചതോടെയാണ് സർക്കാർ അന്വേഷണം എസ്.ഐ.ടിയെ ഏൽപിച്ചത്. തങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും അന്വേഷണം തുടരുകയെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. ആത്മഹത്യ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചതായും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - IIT Bombay student’s death: A case was registered on the father's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.