മാള: സിനിമാ കഥയെ വെല്ലുന്ന ആൾമാറാട്ടക്കൊലയിലെ പ്രതി ആറു വർഷത്തിനുശേഷം അറസ്റ്റിൽ. അസം സോണിത്പൂർ സ്വദേശി മനോജ് ബോറയാണ് (36) പിടിയിലായത്. 2016 മേയ് ഒമ്പതിന് പുത്തൻചിറ പിണ്ടാണിയിൽ നടുമുറി പരേതനായ പുരുഷോത്തമന്റെ വീട്ടിൽ ജോലിക്ക് നിന്ന ഉമാനാഥാണ് (32) കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി രക്ഷപ്പെട്ടിരുന്നു.കൊല്ലപ്പെട്ടത് അസം സ്വദേശി മനോജ് ബോറയാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. മനോജ് ബോറയുടെ തിരിച്ചറിയൽ കാർഡ്, വസ്ത്രങ്ങൾ, ഷൂ എന്നിവ മൃതദേഹത്തിൽനിന്ന് ലഭിച്ചിരുന്നു.
മുഖം കരിച്ച് വികൃതമാക്കിയതിനാൽ തിരിച്ചറിയാനായില്ല. കൊല നടത്തിയ ശേഷം താൻ കൊല്ലപ്പെട്ടെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. വഴക്കിനെ തുടർന്ന് മനോജ് ബോറ കോടാലികൊണ്ട് ഉമാനാഥിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. 37 തവണ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചതായും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേരളം വിട്ട പ്രതി കർണാടക, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.
സോണിത്പൂരിലെ ഉൾഫ തീവ്രവാദികളുടെ ഗ്രാമത്തിൽനിന്നാണ് വ്യാഴാഴ്ച രാത്രി അസം പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തൃശൂരിലെത്തിക്കുകയായിരുന്നു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.