കടുത്തുരുത്തി: അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശ്രീകുമാർ (27), ജോസ് (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറയിലെ പാർസൽ സർവിസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.
വാഹനമോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇരുവരുടെയും പേരിലുണ്ട്. വിവിധ മോഷണക്കേസുകളിൽ പ്രതികളായതിനെ തുടർന്ന് ഇരുവരും തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. ശ്രീകുമാർ ഒരുമാസം മുമ്പും ജോസ് രണ്ടുമാസം മുമ്പുമാണ് പുറത്തിറങ്ങിയത്.
ജോസിന് എറണാകുളം സെന്‍ട്രല്‍ മ്യൂസിയം, കൊല്ലം ഈസ്റ്റ്, വെൺമണി, ഓച്ചിറ, കുണ്ടറ, കൊല്ലം റെയിൽവേ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മുപ്പതോളം കേസുകളും ശ്രീകുമാര്‍ കൊട്ടിയം സ്റ്റേഷനില്‍ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലും കൊട്ടാരക്കര സ്റ്റേഷനില്‍ വീട് മോഷണക്കേസിലും ചാത്തന്നൂര്‍ സ്റ്റേഷനില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്.
മോഷ്ടിക്കപ്പെട്ട വാഹനം പൊലീസ് കൊല്ലത്തുനിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് മുട്ടുചിറ ഭാഗത്തുള്ള പാർസൽ സർവിസ് സ്ഥാപനത്തിന്‍റെ പിൻവശത്ത് നിർത്തിയിട്ട മഹീന്ദ്ര ദോസ്ത് വാഹനം ശ്രീകുമാറും ജോസും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതികളിൽ ഒരാളെ കൊല്ലത്തുനിന്നും ഒരാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ വി.വി. റോജിമോൻ, സി.പി.ഒമാരായ കെ.പി. സജി, കെ.കെ. സജി, അനൂപ് അപ്പുക്കുട്ടൻ, പി.ആർ. രജീഷ്, എ.കെ. പ്രവീൺകുമാർ, സി.എന്‍. ധനീഷ്,പി.ടി. സജയകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.