ഇറ്റലി: അപൂർവ്വങ്ങളിൽ അപൂർവ്വമായ വിധികളിലൊന്നിൽ കൊലക്കേസ് പ്രതിയെ മോചിപ്പിച്ച് ഇറ്റാലിയൻ കോടതി. കാമുകിയെ 57 തവണ കുത്തിക്കൊലപ്പെടുത്തിയ 35 കാരനെയാണ് ടൂറിൻ സർവൈലൻസ് കോടതി മോചിപ്പിച്ചത്. ജയിലിൽ തുടർന്നാൽ യുവാവിന്‍റെ ജീവന് ഭീഷണിയുണ്ടാകും എന്നുകണ്ടാണ് മോചന ഉത്തരവിട്ടത്.
പൈശാചിക കൊലപാതകം
35 കാരനായ ഇറ്റാലിയൻ യുവാവ് ദിമിത്രി ഫ്രിക്കാനോ തന്റെ 25 കാരിയായ കാമുകി എറിക പ്രെറ്റിയെ 2017ലാണ് കൊലപ്പെടുത്തിയത്. ഇരുവരും സാർഡിനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കൊലപാതകം അരങ്ങേറിയത്. ബ്രെഡ് പൊടിയെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് പറയുന്നു.
എറിക ഭക്ഷണം കഴിക്കുമ്പോൾ ബ്രെഡ് പൊടി മേശപ്പുറത്ത് വീണതാണ് കാമുകനെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത് അക്രമത്തിലേക്ക് നയിക്കുകയുമായിരുന്നു. ഫ്രിക്കാനോയുടെ കുറ്റസമ്മതത്തിൽ പറയുന്നതനുസരിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവാവുകയും എറിക പേപ്പർ വെയ്റ്റ് ഉപയോഗിച്ച് തന്നെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കത്തിയെടുത്ത ഇയാൾ കാമുകിയെ 57 തവണ കുത്തുകയും മരിക്കാനായി ഉപേക്ഷിച്ച് പോവുകയും ചെയ്തു.
ആദ്യം കൊലചെയ്തത് സമ്മതിക്കാൻ ഫ്രിക്കാനോ വിസമ്മതിച്ചിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് കവർച്ചക്കാരാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പഴുതടച്ച ചോദ്യം ചെയ്യലിന്‍റെ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ‘ബ്രെഡ് പൊടിയുടെ പേരിൽ അവൾ എന്നെ അസഭ്യം പറയുകയും പിന്നീട് എന്റെ തലയിൽ ഇടിക്കുകയും ചെയ്തു. അതിനാൽ ഞാൻ അവളെ കൊന്നു’ എന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.
വിചാരണയും ശിക്ഷയും
വിചാരണക്കൊടുവിൽ 2019ൽ ആണ് ഫ്രിക്കാനോയെ ഇറ്റാലിയൻ കോടതി 30 വർഷത്തേക്ക് ശിക്ഷിക്കുന്നത്. എന്നാൽ കോവിഡ് കാരണം ഇയാളെ ഉടനെ ജയിലിൽ ആക്കിയിരുന്നില്ല. 2022 ഏപ്രിലിലാണ് ഫ്രിക്കാനോയെ ജയിലിലേക്ക് അയക്കുന്നത്. ഈ സമയം ഫ്രിക്കാനോക്ക് 120 കിലോയോളം ഭാരമുണ്ടായിരുന്നു.
ജയലിൽ കിടന്ന ഫ്രിക്കാനോക്ക് ശരീര ഭാരം കൂടാൻ തുടങ്ങിയതാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. ജയിലിലെത്തി ഒരു വർഷത്തിനുള്ളിൽ ഫ്രിക്കാനോയുടെ ഭാരം 200 കിലോഗ്രാം വരെ ഉയർന്നു. നിലവിൽ ഊന്ന് വടിയോ വീൽചെയറോ ഇല്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഫ്രിക്കാനോ. ഇയാൾ ചെയിൻ സ്മോക്കർ കൂടിയാണ്. ഇതും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാക്കി. ഫ്രിക്കാനോയെ പരിശോധിച്ച ജയിൽ ഡോക്ടർമാർ ഡയറ്റ് നിയന്ത്രണം ആണ് പ്രശ്ന പരിഹാരമായി വിധിച്ചത്.
പുതിയ വിധിക്കുപിന്നിൽ
ഫ്രിക്കാനോയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇയാളുടെ വക്കീൽ കോടതിക്കുമുന്നിലെത്തിയതാണ് പുതിയ വിധിക്കുപിന്നിൽ. കുറ്റവാളിയുടെ അപകടകരമായ ആരോഗ്യസ്ഥിതി പരിഗണിച്ച് ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ഇയാളെ വിട്ടയക്കണമെന്നാണ് കോടതിയിൽ അഭിഭാഷകൻ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി ‘ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലും’ ജയിൽവാസം ജീവൻ അപകടത്തിലാക്കുമെന്നതിനാലും’ മോചനം അനുവദിക്കുന്നു എന്ന് വിധിന്യായത്തിൽ പറയുന്നു.
ഉത്കണ്ഠ-വിഷാദരോഗം, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങളാൽ കുറ്റവാളി ബുദ്ധിമുട്ടുന്നുണ്ടെന്ന് ഫ്രിക്കാനോയുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പരിഹാരമായി പ്രത്യേക ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. എന്നാൽ ഇത് നൽകാൻ ജയിലിൽ കഴിയില്ല. ഈ വാദങ്ങൾ അംഗീകരിച്ചാണ് ടൂറിൻ സർവൈലൻസ് കോടതി ഒരു വർഷത്തെ തടവിനുശേഷം ഫ്രിക്കാനോയെ മോചിപ്പിച്ചത്.
ഫ്രിക്കാനോയെ മോചിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്ത് എറിക പ്രെറ്റിയുടെ കുടുംബം രംഗത്തുവന്നു. കോടതിയുടെ വിധി ലജ്ജാകരമാണെന്ന് അവർ ആക്ഷേപിച്ചു. ‘എന്റെ കുഞ്ഞിനെ ആരും തിരികെ തരില്ല. പക്ഷേ, അവനെ ഇത്ര പെട്ടെന്ന് മോചിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ തീർത്തും നിരാശരാണ്’ -എറികയുടെ മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.