കട്ടപ്പന: കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയനെ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിതീഷ് (രാജേഷ് -31) ചുറ്റിക കൊണ്ട് തലയിലും ചെവിയിലും നെറ്റിയിലും അടിച്ചതായി മൊഴി. രണ്ടാം പ്രതിയും വിജയന്റെ മകനുമായ വിഷ്ണുവാണ് (27) പൊലീസിൽ ഇങ്ങനെ മൊഴി നൽകിയത്. വിജയനും നിതീഷും തമ്മിൽ വാക്തർക്കമുണ്ടായതിനെത്തുടർന്ന് പ്രകോപിതനായ നിതീഷ് തുണി കഴുത്തിൽ ചുറ്റി വിജയനെ തറയിലേക്ക് വീഴ്ത്തിയ ശേഷമാണ് ചുറ്റികകൊണ്ട് അടിച്ചതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. ബോധരഹിതനായ വിജയൻ രക്തം വാർന്ന് തറയിൽ കിടന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ കസേരയിൽ ഇരുത്തിയെങ്കിലും മരിച്ചിരുന്നു. തുടർന്ന് മുറിക്കുള്ളിൽ മൂന്നര അടി ചതുരത്തിൽ കുഴിയെടുത്തു. മൃതദേഹം കസേരയോടൊപ്പം കുഴിയിൽ വെച്ചു. പിന്നീട് കസേര തിരിച്ചെടുത്ത് മൃതദേഹം ഒടിച്ചുമടക്കി കമ്പികൊണ്ട് ഇടിച്ച് കുഴിയിലിറക്കി മൂടി. തുടർന്ന് തറ കോൺക്രീറ്റ് ചെയ്ത് തെളിവ് മറച്ചു. ഇതുപോലെ നിങ്ങളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിജയന്റെ ഭാര്യ സുമയെയും വിഷ്ണുവിനെയും കുറ്റകൃത്യത്തിൽ ബലമായി സഹകരിപ്പിച്ചതെന്നും വിഷ്ണു വെളിപ്പെടുത്തി. വിഷ്ണുവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നതിനാൽ കഴിഞ്ഞ എട്ടുവർഷമായി നിതീഷ് ഇവരുടെ വീട്ടിലെ പതിവ് സന്ദർശകനായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയും കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിനെ ആറുവർഷം മുമ്പാണ് കൊലപ്പെടുത്തിയത്. വിജയനെ എട്ടുമാസം മുമ്പും. വീട്ടിൽ ഭക്ഷണസാധനങ്ങൾ ഇല്ലാതായതോടെ ജോലി ചെയ്ത് പണം കൊണ്ടുവരാൻ വിജയൻ നിതീഷിനോട് പറഞ്ഞതാണ് വാക്തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് വിഷ്ണു പറഞ്ഞു.
വിഷ്ണുവും നിതീഷും മറ്റ് ഗുരുതര കുറ്റ കൃത്യങ്ങളിലും ഏർപ്പെട്ടതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, വിശദവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിനിടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ വെള്ളിയാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് വീണ്ടും അപേക്ഷ നൽകും. ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മധുബാബു, കട്ടപ്പന സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലെ 10 അംഗ പൊലീസ് സംഘമാണ് പ്രതികളെ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.