കൊച്ചി: മുംബൈയിൽ പിടികൂടിയ വൻ ലഹരികടത്തിന് പിന്നിൽ മലയാളിയാണെന്ന് വ്യക്തമായതോടെ സംസ്ഥാനത്തേക്കും ലഹരിവസ്തുക്കൾ കടത്തിയെന്ന സംശയത്തിൽ അന്വേഷണ സംഘം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും സംസ്ഥാന എക്സൈസും ചേർന്ന് വിജിൻ വർഗീസിന്‍റെ എറണാകുളം കാലടിയിലെ വീട്ടിലും ഗോഡൗണുകളിലും പരിശോധന തുടരുകയാണ്. മുമ്പും സമാന ലഹരികടത്ത് നടന്നിട്ടുണ്ടോ, അത് സംസ്ഥാനത്തേക്കും എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെ തെളിവും പരിശോധിക്കുകയാണ്. വ്യാഴാഴ്ചയും പരിശോധന തുടർന്നേക്കും. കാലടിയിലെ സ്ഥാപനത്തിൽ ലഹരിമരുന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നോ എന്നതിന് സൂചനകൾ ലഭിച്ചിട്ടില്ല. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ, എവിടെ നിന്നെല്ലാമാണ് പഴവർഗങ്ങൾ എന്ന നിലയിൽ പാർസലുകൾ എത്തിയിരുന്നത്, വിദേശത്തുനിന്ന് എന്തെല്ലാമാണ് ഇറക്കുമതി ചെയ്തിരുന്നത് എന്നെല്ലാമാണ് തിരയുന്നത്. ഇന്ത്യയിലെത്തുന്ന ലഹരിമരുന്ന് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്തിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സംഘത്തിന് ഇന്ത്യയിൽ ലഹരി വിതരണശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
അങ്കമാലി മൂക്കന്നൂർ സ്വദേശി വിജിൻ വർഗീസും മറ്റു സുഹൃത്തുക്കളും ചേർന്നാണ് കാലടിയിൽ വൻ പഴം ഗോഡൗണും ശീതീകരണിയും ആരംഭിച്ചതെന്ന് സമീപത്തുള്ള കടയുടമകൾ പറയുന്നു. ദുബൈ ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ ബിസിനസ് ആരംഭിക്കുന്നത് കോവിഡ് കാലത്താണ്. മാസ്കും പി.പി.ഇ കിറ്റും മറ്റു കോവിഡ് അനുബന്ധ ഉൽപന്നങ്ങളും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തു തുടങ്ങിയ ബിസിനസ് രണ്ടു വർഷത്തിനിടയാണ് പഴവർഗ ഇറക്കുമതിയിലേക്ക് കടക്കുന്നത്. ആൽവിൻ എന്ന ജോലിക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകക്കെടുത്ത കടമുറി ഉപയോഗിച്ചു ലൈസൻസ് എടുത്തു. പിന്നീട് കാലടിയിലേക്ക് ബിസിനസ് മാറ്റുകയായിരുന്നു.
ഇന്ത്യക്കും ദുബൈക്കും പുറമെ ബഹ്റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഓഫിസുകളുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഫ്രഷ് പഴം, പച്ചക്കറി കയറ്റുമതിയും ഇറക്കുമതിയുമാണ് നടത്തിവന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരികടത്ത് എന്നാണ് ഡി.ആർ.ഐ അന്വേഷണസംഘം പറയുന്നത്. ലഹരി പിടികൂടിയ സംഭവം പുറത്തുവന്നതിനു പിന്നാലെ എക്സൈസ്, കാലടിയിലെ ഇവരുടെ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ആരാഞ്ഞെങ്കിലും ഹാജരാക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കക്ക് പുറമെ തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.
ഇവർക്കൊപ്പം കൂട്ടുകച്ചവടം നടത്തിയ മൻസൂർ എന്നയാൾക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി ചട്ടങ്ങൾ പാലിക്കാതെയുള്ള ഇടപാടുകളായിരുന്നു ഏറെയും എന്നു പറയുന്നു. പർച്ചേസ് ഓർഡറുകൾ ഇല്ലാതെ വാട്സ്ആപ് വഴിയുള്ള ഇടപാടുകൾ നടത്തി നികുതി വെട്ടിപ്പ് നടന്നതായും പറയുന്നു.
പഴങ്ങൾ പകുതി വിലക്ക്
കൊച്ചി: യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ കാലടിയിൽ നടത്തിവന്ന പഴം മൊത്തവിതരണ കേന്ദ്രത്തിൽ നടന്നത് വമ്പിച്ച ആദായ വിൽപന. ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ 50 ശതമാനംവരെ വിലകുറച്ച് ഇവിടെനിന്ന് ലഭിച്ചിരുന്നു. മാർക്കറ്റിൽ 200 രൂപവിലയുള്ള ആപ്പിളിന് വിജിൻ വർഗീസിന്‍റെ കാലടിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ വെറും 100 രൂപയേ ഉണ്ടായിരുന്നുള്ളൂ. മറ്റു പഴങ്ങൾക്കും മിക്കപ്പോഴും ഇതേ വിലക്കുറവ് നൽകിയിരുന്നു. പ്രദേശത്തെ മറ്റു കച്ചവടക്കാർ ഇതുകണ്ട് അതിശയിച്ചിരുന്നു.
മലയാളികൾ കണ്ടിട്ടു പോലുമില്ലാത്ത പഴങ്ങളും ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ചു. അവയും തുച്ഛവിലയിലാണ് വിറ്റിരുന്നത്. പഴക്കച്ചടവത്തിന്റെ മറവിൽ നടത്തിയ ലഹരികടത്തിലായിരുന്നു വിജിന്റെ ലാഭമെന്നാണ് ഇപ്പോൾ വെളിവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.