പേരൂര്‍ക്കട: കാറിലെത്തിയ നാലംഗസംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 8.45 ഓടെ പേരൂര്‍ക്കട-മണ്ണാമ്മൂല റോഡിലുള്ള ഗാന്ധിനഗര്‍ അസോസിയേഷനിലാണ് സംഭവം. പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശിയും എ.ആര് ക്യാമ്പിലെ പൊലീസുകാരനുമായ സുധീര്‍, പരശുവയ്ക്കല്‍ സ്വദേശികളായ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ഷാജി, ശ്യാം, വഴുതക്കാട് പൗണ്ട് റോഡ് കോളനി സ്വദേശിനി ഷീജ എന്നിവരുള്‍പ്പെട്ട നാലംഗസംഘം സംഭവസ്ഥലത്ത് വാടകക്ക് താമസിക്കുന്ന 40 വയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവം നടന്നയുടന്‍ യുവതിയുടെ മാതാവ് പേരൂര്‍ക്കട പൊലീസില്‍ നല്കിയ പരാതിയിൽ പൊലീസ് ജി.പി.ആര്.എസ് സംവിധാനം പിന്തുടര്ന്ന് കളിയിക്കാവിളക്കുസമീപം കാര്‍ കണ്ടെത്തി. എന്നാല്‍ കാറിനുള്ളില്‍ യുവതി ഉണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്ന നാലുപ്രതികളെയും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെ യുവതിയെ പാറശ്ശാലക്കുസമീപം മറ്റൊരു കാറിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും യുവതിയെയും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചശേഷം യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ക്കിടെ പ്രതികളിലൊരാളായ പൊലീസുകാരന് സുധീറിന് തളര്‍ച്ച അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കി മൂന്ന് പ്രതികളെയും വ്യാഴാഴ്ച രാത്രിതന്നെകോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസുകാരന്റെ അറസ്റ്റ് മജിസ്ട്രേറ്റ് വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. അഞ്ചാം പ്രതിയായ പാറശ്ശാല സ്വദേശി കിച്ചു എന്ന അരുണ്‍ വിജയ് (33) യെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാം ഒന്നാം പ്രതിയും പൊലീസുകാരനായ സുധീര്‍ രണ്ടാം പ്രതിയും ഷീജ, കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ഷാജി, അരുണ്‍ വിജയ് എന്നിവര്‍ മൂന്നും നാലും അഞ്ചും പ്രതികളുമാണ്.
സുധീര്‍ പൊലീസ് യൂനിഫോമിലാണ് തട്ടിപ്പുസംഘത്തിനൊപ്പം എത്തിയത്. ഷാജി കെ.എസ്.ആര്.ടി.സി താൽക്കാലിക ഡ്രൈവറാണ്. ഒന്നാം പ്രതി ശ്യാമുമായുള്ള സ്നേഹബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തിയിരുന്ന യുവതിയെ വിവാഹം ചെയ്യാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ശ്യാം പൊലീസിനോട് പറഞ്ഞിട്ടുള്ളത്. നാലുപ്രതികളും ഇയാളുടെ സുഹൃത്തുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.