ബംഗളൂരു: വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തില്‍ പരിചാരകയായി ജോലി ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അഞ്ജനാദ്രി ലേഔട്ടിലെ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന കെ. ഭാവനയുടെ പരാതിയിൽ എ.വി. സോണിയയാണ് (37) അറസ്റ്റിലായത്. 12 ലക്ഷം രൂപ വിലവരുന്ന 108 ഗ്രാം സ്വർണമാണ് യുവതി കവർന്നത്.
കൈവശമുണ്ടായിരുന്നതും വിറ്റതും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അന്വേഷണത്തില്‍ വീണ്ടെടുത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് മാലകളും രണ്ട് വളകളും കമ്മലുകളും ബ്രേസ്ലറ്റുകളും മൂക്കുത്തിയും ഉള്‍പ്പെടെയുള്ള സ്വർണാഭരണങ്ങള്‍ കാണാതായെന്നായിരുന്നു ഭവാനിയുടെ പരാതി. വീട്ടിലെ കിടപ്പുമുറിയില്‍ ഇരുമ്പ് പെട്ടിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ദസറ ആഘോഷങ്ങള്‍ക്കായി താനും കുടുംബാംഗങ്ങളും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കഴിഞ്ഞ മാസം ഏഴിന് പെട്ടിയില്‍ വെച്ചു.
പിന്നീട് ലക്ഷ്മിപൂജ, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ഇവ എടുക്കാനായി തുറന്നു നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായെന്ന് മനസ്സിലായത്. ഈ ദിവസങ്ങളില്‍ ഭർത്താവിന്റെ മാതാവിനെ പരിചരിക്കാനായി വീട്ടില്‍ രണ്ട് കെയർടേക്കർമാർ വന്നിരുന്നെന്നും ഇവരെയാണ് സംശയമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇവരില്‍ രണ്ടാഴ്ച മാത്രം ജോലിക്ക് നിന്ന ശേഷം പിന്നീട് വരാതിരുന്ന സോണിയയെ ചുറ്റിപ്പറ്റിയായി അന്വേഷണം.
ഏജൻസി വഴിയാണ് സോണിയ ജോലിക്കെത്തിയത്. പൊലീസ് ഇവരെ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കാണാതായതില്‍ 18 ഗ്രാം ആഭരണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. എട്ട് ഗ്രാമിന്റെ മോതിരം ഭർത്താവിന് കൊടുത്തതും കണ്ടെടുത്തു. ശേഷിക്കുന്ന ആഭരണങ്ങള്‍ ആർ.ബി.ഐ ലേഔട്ടിലെ സ്വർണക്കടയില്‍ വിറ്റിരുന്നു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് അത്യാവശ്യമുള്ളത് കൊണ്ട് വില്‍ക്കുന്നുവെന്നുമാണ് അവരോട് പറഞ്ഞതെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകി. ഇതും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.