ചേർത്തല: 13 കിലോ കഞ്ചാവുമായി ഒഡിഷയിൽ സ്ഥിരതാമസമാക്കിയ ഇടുക്കി സ്വദേശി ബാബു (ബാബു മഹ്ജി-50) അറസ്റ്റിലായി. 15 വർഷമായി ഒഡിഷയിൽ താമസിച്ച് കഞ്ചാവ് കൃഷി ചെയ്ത് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കടത്തിവരികയായിരുന്നു. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, ചേർത്തല എസ്.എച്ച്.ഒ വിനോദ് കുമാർ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ പ്രവീഷ്, എബി തോമസ്, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഒഡിഷയിലെ നക്സൽ ബാധിത പ്രദേശത്ത് താമസിച്ച് ബലംപ്രയോഗിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
ഇടുക്കി വെള്ളത്തൂവൽ എല്ലക്കല്ലൽ നെടുകല്ലേൽ സ്വദേശിയായ പ്രതി ബാബു 15 വർഷമായി ഒഡിഷയിൽ താമസമാണ്. നക്സൽ ബാധിത പ്രദേശമായ ഡാഗുഡ എന്നസ്ഥലത്തെ മാഹ്ജി ഗോത്രവർഗത്തിലെ ഒരുസ്ത്രീയെ വിവാഹം കഴിച്ച് ബാബു മാഹ്ജി എന്നപേരിലാണ് അവിടെ താമസിച്ചിരുന്നത്. ഗ്രോത്രവർഗക്കാർക്ക് സഹായങ്ങൾ ചെയ്തും അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ചും വർഷങ്ങളായി കഞ്ചാവ് കൃഷി നടത്തുകയായിരുന്നു. ഒഡിഷയിൽപോയി ബാബുവിൽനിന്ന് കഞ്ചാവ് വാങ്ങിയ ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളായ അനന്ദു, ഫയാസ് എന്നിവരെ കഴിഞ്ഞമാർച്ച് 24ന് ചേർത്തലയിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് ഒഡിഷയിൽനിന്നും പ്രതിയായ ബാബു മഹ്ജിയെ അറസ്റ്റ്ചെയ്തത്. നക്സൽ സ്വാധീന മേഖലയിൽ വൻതോതിൽ കഞ്ചാവ് ചെടി കൃഷി നടത്തി സംസ്കരിച്ച് കഞ്ചാവും ഹഷിഷ് ഓയിലും കേരളം ഉൾപ്പെടെയുള്ള തെക്കേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ കയറ്റുമതി നടത്തിവരികയായിരുന്നു. പ്രതിയെ ശനിയാഴ്ച ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.