മാള: 53കാരിയെ ആക്രമിച്ച് പരിക്കേൽപിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷിനെയാണ് (38) മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് രാത്രിയായിരുന്നു സംഭവം. മാള പുത്തൻചിറയിൽ വീടിന് പിന്നിലെ അടുക്കള ഷെഡിൽ നിൽക്കുകയായിരുന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത്. വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത് ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുതറി ഓടിയ സ്ത്രീ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ശേഷം പ്രതി പോയെന്ന് ഉറപ്പാക്കി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിന് തൊട്ടുമുമ്പ് ഒറ്റക്ക് താമസിക്കുന്ന മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് മഴക്കോട്ട് ധരിച്ച് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും പരാതിയുണ്ട്. ജനലിൽ തട്ടി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോൾ മുന്നിലെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമം നടത്തി. സ്ത്രീയുടെ ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേയുടെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം കാമറകളും പരിശോധിച്ചു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രി ഒളിഞ്ഞുനോക്കുന്നതടക്കം പല രീതിയിലും സ്ഥിരശല്യക്കാരനാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു. മാളയിൽ കേസുകളിൽ പരാതി വരുമ്പോൾ പള്ളുരുത്തിയിലെ ഭാര്യവീട്ടിലേക്ക് രക്ഷപ്പെടുന്നതാണ് രീതി. മുമ്പ് ജോലി ചെയ്തിരുന്ന തേവരയിലെ സ്വകാര്യകമ്പനിയിലെ രണ്ടുലക്ഷം രൂപ തിരിമറി നടത്തിയതായി പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. അങ്കമാലി സ്റ്റേഷൻ പരിധിയിൽ എളവൂരിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപിച്ച് രണ്ട് പവൻ മാല പൊട്ടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എ.എസ്.ഐമാരായ മുഹമ്മദ് ബാഷ, കെ.ആർ. സുധാകരൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, എ. മാർട്ടിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.