വർക്കല: 10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം തടവ്. വക്കം കൊച്ചുതൈവീട്ടിൽ ചന്ദ്രദാസിനെയാണ് (52) വർക്കല പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2022 ലാണ് ലൈംഗികപീഡനം നടന്നത്. ചന്ദ്രദാസിന്റെ വീട്ടിൽ പത്തു വയസ്സുകാരി പതിവായി ടി.വി കാണാൻ പോകുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിലായി മൂന്നുവർഷക്കാലം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു.
വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയുമാണ് വർക്ക് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ 2022ൽ വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ, രാഹുൽ പി.ആർ, എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു വകുപ്പുകളിലായി 5 വർഷം വീതം 15 വർഷവും, പോക്സോ നിയമപ്രകാരം 4 വർഷവും ഐ.പി.സി 506 പ്രകാരം ഒരു വർഷം എന്ന രീതിയിൽ 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. എന്നാൽ ശിക്ഷ അഞ്ചു വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ തുകയിൽ നിന്ന് അമ്പതിനായിരം രൂപ കുട്ടിക്ക് നൽകുവാനും കോടതി നിർദ്ദേശിച്ചു.
പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുവർഷവും മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി.എസ്.ആർ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:പി. ഹേമചന്ദ്രൻ നായർ ഹാജരായി.അഡ്വ:എസ്.ഷിബു, അഡ്വ:ഇക്ബാൽ എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.