യുവതിയെ കൊന്ന്​ മൃതദേഹം കഷണങ്ങളാക്കി പ്രഷർകുക്കറിൽ വേവിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ച്​ പൊലീസ്​

മുംബൈ: ലിവ് ഇന്‍ പങ്കാളിയായ യുവതിയെ 56-കാരന്‍ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച്​ പൊലീസ്. മിറ​ റോഡ്​ കൊലപാതകം എന്നറിയപ്പെടുന്ന സംഭവം രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നാണ്​. ഒപ്പം താമസിച്ചിരുന്നയാളെ കൊന്ന പ്രതി മൃതദേഹം വെട്ടിനുറുക്കി പ്രഷർകുക്കറിൽ വേവിച്ചതായാണ്​ പൊലീസ്​ പറയുന്നത്​. മുംബൈ മിറ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന മനോജ് സാനെ (56) ആണ്​ കേസിലെ പ്രതി.

കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇരയായ യുവതി അനാഥയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രതിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ വച്ച് കണ്ടുമുട്ടുന്നത്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി മറ്റു ഫ്ലാറ്റിലുള്ളവര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 20 മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. അവശിഷ്ടങ്ങൾ ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബക്കറ്റുകൾക്കുള്ളിൽ രക്തമുണ്ടായിരുന്നതായും യുവതിയെ ഫ്ലാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നും പൊലീസ് പറയുന്നു. ഇതിനുപയോഗിച്ച ഇലക്ട്രിക് കട്ടര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇരയായ യുവതിയുടെ തലമുടി കിടപ്പുമുറിയില്‍ പ്രത്യേകം സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ദുർ​ഗന്ധം പുറത്ത് വരാതിരിക്കാൻ പ്രതി എയർ ഫ്രഷ്നർ ഉപയോ​ഗിച്ചതായും പൊലീസ് പറയുന്നു. മൃതദേഹം വെട്ടിനുറുക്കിയശേഷം പ്രതി പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായും ഇതിനുശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലേക്ക് മാറ്റിയിരുന്നതായും പൊലീസ് കുറ്റപത്രത്തിലുണ്ട്​. ഇത് മറ്റൊരിടത്ത് ഉപേക്ഷിക്കാൻ ഇയാൾക്ക് പദ്ധതിയുണ്ടായിരുന്നതായും ഫ്ലാറ്റില്‍ നിന്നും നിരവധി ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചില അവശിഷ്ടങ്ങള്‍ കാണാനില്ലെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

Tags:    
News Summary - Mira Road murder: Chargesheet filed in murder of woman whose body parts were roasted by live-in partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.