മൂവാറ്റുപുഴ: ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന പെൺ സുഹൃത്തിനെ കാണാനെത്തിയ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പത്തു പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ (56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26). അറയൻ കുന്നത്ത് വീട്ടിൽ എമിൽ (27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മർദനത്തിൽ അശോക ദാസിന്റെ ശ്വാസകോശം തകർന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലയുടെ വലതു ഭാഗത്ത് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി സംഭവം നടന്നതിനു പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദ ചോദ്യം ചെയ്യലിനു ശേഷമാണ് വെള്ളിയാഴ്ച രാത്രി 11 ഓടെ ഇവരെ അറസ്റ്റുചെയ്തത്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയശേഷം മടങ്ങിയ അശോക് ദാസിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അശോക് ദാസിനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പ്രതികൾ തന്നെ പകർത്തുകയും ചെയ്തു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരിയായ പെൺസുഹൃത്ത് മറ്റൊരു പെൺകുട്ടിക്ക് ഒപ്പമാണ് വാടകക്ക് താമസിക്കുന്നത്. ഇവിടെ എത്തിയ അശോക് ദാസും പെൺകുട്ടികളും തമ്മിൽ വീട്ടിൽ വെച്ച് തർക്കമുണ്ടായി.
വീടിനുള്ളിൽ വെച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി മർദിച്ചത്. ഇതിനു ശേഷം വാളകം കവലയിൽ എത്തിച്ച് ക്ഷേത്രത്തിനു സമീപത്തെ തൂണിൽ കെട്ടിയിടുകയും ചെയ്തു. പെൺകുട്ടികളുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച്ച രാത്രി 12 ഓടെ വാളകം കവലയിലാണു സംഭവം. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണിലാണ് അശോക് ദാസിനെ നാട്ടുകാർ ചേർന്നു കെട്ടിയിട്ടു മർദിച്ചത്. അവശ നിലയിലായ അശോക് ദാസിനെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്കു മാറ്റാനുള്ള നീക്കത്തിനിടെ പുലർച്ച രണ്ടോടെ മരിച്ചു. ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം നടത്തിയതിനാണ് ഒരു സംഘം ഇയാളെ ഓടിച്ചിട്ടു പിടികൂടി കെട്ടിയിട്ടു മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.