ന്യൂഡൽഹി: പഞ്ചാബിലെ മോഗ ജില്ലയിൽ വൻ മയക്കുമരുന്നു വേട്ട. ബഡ്ഡുവാൾ ബൈപാസിലെ ധരംകോട്ട് ടൗണിലെ ഗോഡൗണിൽ നിന്നാണ് 1800 കിലോഗ്രാം പോപ്പി തൊണ്ടുകൾ പിടിച്ചെടുത്തത്. ഇവിടെ നിന്നും ട്രക്കും മഹീന്ദ്ര സൈലോ കാറും കണ്ടുകെട്ടി.
11 പേരാണ് കേസിൽ പ്രതികൾ. മയക്കുമരുന്ന് കേസിൽ 30 വർഷം തടവുശിക്ഷ ലഭിച്ച പിപ്പൽ സിങ് ജയിലിൽ നിന്നാണ് മയക്കുമരുന്ന് ലോബിയെ നിയന്ത്രിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്ദർജിത് സിങ്, മിന്ന സിങ്, റസാൽ സിങ്, കരംജിത് സിങ്, ഗുർജീന്ദർ സിങ്, ജുഗ്രാജ് സിങ്, ലഖ്‌വീന്ദർ സിങ്, പരംജിത് സിങ്, ബൂട്ട സിങ്, മംഗൾ സിങ് എന്നിവരാണ് മറ്റ് പ്രതികൾ.
ഡോലേവാല നിവാസികളായ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. മയക്കുമരുന്ന് മാഫിയകളുവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജ്ജിച്ച ഗ്രാമമാണ് ഡോലേവാല.
10 വർഷത്തിനിടെ 50 സ്ത്രീകളടക്കം ഗ്രാമത്തിൽ നിന്നുള്ള 400 പേർ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) വകുപ്പ് പ്രകാരം പ്രതികളായിട്ടുണ്ട്.
പോപ്പി ചെടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കറയായ കറുപ്പ് സംസ്കരിച്ച ശേഷമാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നിയമാനുസൃതമായി പോപ്പി ചെടിയുടെ ഉത്പാദനത്തിന് അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.