അറസ്റ്റിലായ പ്രതികൾ
മെഡിക്കല്‍ കോളജ്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മൂന്നുേപരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം കല്ലമ്പള്ളി കരിമ്പൂക്കോണം മേലാങ്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ എബി (32), മേലാങ്കോണം പുതുവല്‍ പുത്തന്‍ വീട്ടില്‍ സിബി (31), നാലാഞ്ചിറ തട്ടിനകം കിഴക്കേവിള വീട്ടില്‍ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്. എബിയും സിബിയും സഹോദരങ്ങളും ശിവപ്രസാദ് ഇവരുടെ സുഹൃത്തുമാണ്.
ഫെബ്രുവരി രണ്ടിനാണ് കേസിനിടയായ സംഭവം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബ് (23) ആണ് ആക്രമണത്തിനിരയായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലുള്ള എ.സി.ആർ ലബോറട്ടറിക്ക് സമീപത്തു നിന്ന് പ്രതികള്‍ ചേര്‍ന്ന് മഹബൂബിനെ തട്ടിക്കൊണ്ടുപോകുകയും ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്മാര്‍ട്ട്ഫോണ്‍ അപഹരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പ്രതികള്‍ക്ക് യുവാവിനോടുണ്ടായിരുന്ന വ്യക്തിവിരോധമായിരുന്നു ആക്രമണത്തിനു കാരണം.
പാര്‍ക്കിങ് ഏരിയയില്‍ നില്‍ക്കുകയായിരുന്ന മെഹബൂബിനെ ഓട്ടോയിലെത്തിയാണ് പ്രതികള്‍ ശ്രീകാര്യത്തേക്ക് കൊണ്ടുപോയത്. മര്‍ദ്ദനത്തിനിടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മെഹബൂബ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എബിയും സിബിയും ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന രാജേഷിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.