നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുടെ ഭാര‍്യ അറസ്റ്റിൽ

നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകക്കേസിലെ മുഖ‍്യപ്രതിയായ നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്‍റെ ഭാര‍്യയും അറസ്റ്റിൽ. വയനാട് മേപ്പാടി പൂളവയൽ ഫസ്നയെയാണ് (28) മേപ്പാടിയിൽനിന്ന് നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ചോദ‍്യം ചെയ്യലിനുശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യം നടന്ന ഷൈബിന്‍റെ മുക്കട്ടയിലെ ബംഗ്ലാവിലെ താമസക്കാരിയായ ഫസ്ന ഷാബാ ശരീഫിനെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന കാര്യം വ്യക്തമായി അറിഞ്ഞിട്ടും മറച്ചുവെക്കുകയും സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്നതാണ് കുറ്റം. കേസിൽ ഫസ്നയെ പലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിക്കാൻ തയാറായിരുന്നില്ല. ഇതിനിടെ കൂടുതൽ പ്രതികൾ അറസ്റ്റിലാകുകയും മൊഴിയിൽ ഇവരുടെ പങ്ക് വ‍്യക്തമാകുകയും ചെയ്തു. ഇതോടെ ഒളിവിൽ പോയ ഫസ്ന മുൻ‌കൂർ ജാമ്യത്തിന് ഹൈകോടതിയിൽ ശ്രമം നടത്തി.

പൊലീസ് പിന്തുടരുന്ന വിവരം മനസ്സിലാക്കി എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് കടന്ന ഇവർ അഭിഭാഷകന്‍റെ നിർദേശമനുസരിച്ച് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയതായും വിവരം ലഭിച്ചു. ഇവിടെ നിന്ന് ഡിസ്ചാർജ് വാങ്ങി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. വൈദ‍്യചികിത്സയുടെ ഒറ്റമൂലിരഹസ‍്യം അറിയുന്നതിന് മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന ഷാബാ ശരീഫിനെ ഒന്നേകാൽ വർഷത്തോളം മുഖ‍്യപ്രതി ഷൈബിന്‍റെ മുക്കട്ടയിലെ വീട്ടിൽ ബന്ദിയാക്കുകയും ഒറ്റമൂലിരഹ‍സ‍്യം പറയാതെവന്നതോടെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ചാലിയാറിൽ തള്ളുകയുമാണ് ചെയ്തത്.

Tags:    
News Summary - murder case: the main accused's wife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.