പെരിന്തൽമണ്ണ: മങ്കട രാമപുരം ബ്ലോക്ക് പടിയിൽ തനിച്ച് താമസിച്ചിരുന്ന മുട്ടത്ത് വീട്ടിൽ ആയിശയുടെ (72) കൊലപാതകത്തിൽ ഇവരുടെ പേരമകളുടെ ഭർത്താവും അധ്യാപകനുമായ മമ്പാട് പാന്താർ വീട്ടിൽ നിഷാദലിയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികബാധ്യതകളുള്ള പ്രതി സ്വർണം അപഹരിക്കാനാണ് കൃത്യം ചെയ്തതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
എം.എസ്സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയും മമ്പാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്ത് വർഷമായി െഗസ്റ്റ് അധ്യാപകനുമാണ് ഇയാൾ. ജൂലൈ 16നാണ് ആയിശയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന എട്ടേകാൽ പവൻ സ്വർണവും കവർന്നിരുന്നു. രാത്രി ഉറങ്ങാൻ മകെൻറ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോവാൻ വന്ന പേരക്കുട്ടികളാണ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്. ദേഹത്തുള്ള പരിക്കുകളും ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതിനാലും കവർച്ചയാണ് ലക്ഷ്യമെന്ന് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, മങ്കട സി.ഐ ഷാജഹാൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ആസൂത്രിതമായി നടത്തിയ കൊലപാതക രംഗങ്ങൾ പ്രതി നിഷാദലി സംഭവസ്ഥലത്ത് പൊലീസിന് വിവരിച്ചു കൊടുത്തു.
നേരേത്ത രണ്ടുതവണ കൊലപാതകം ആസൂത്രണം ചെയ്ത് വീടിന് പരിസരത്തെത്തിയെങ്കിലും റോഡുവക്കിലെ വീടായതിനാൽ പരിസരത്ത് ആളുകളുണ്ടായതിനാൽ നടത്താതെ പോയി. കുടുംബത്തിൽ തന്നെയുള്ളയാളോ പരിചയമുള്ളയാളോ ആണ് കൃത്യം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം.
പരിസരവാസികളെയും കുടുംബക്കാരെയും അടക്കം ആയിരത്തോളം പേരെ നേരിട്ടും ഫോൺ മുഖേനയും ചോദ്യം ചെയ്തതിൽ നിന്നാണ് നിഷാദലിയെക്കുറിച്ചും അയാളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും സൂചനകൾ ലഭിച്ചത്. ശേഷം കോഴിക്കോട്ട് വെച്ചാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഒാൺലൈൻ ബിസിനസിൽ വൻ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ച ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ട്. 50 ലക്ഷത്തിന് മുകളിലാണ് ബാധ്യത. ഇതിെൻറ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ സി.പി. മുരളീധരൻ, സി.പി. സന്തോഷ്കുമാർ, ഷാഹുൽ ഹമീദ്, പി.എസ്. ഷിജു, പ്രശാന്ത് പയ്യനാട്, മനോജ്കുമാർ, എൻ.ടി. കൃഷ്ണകുമാർ, അഷ്റഫ് കൂട്ടിൽ, ദിനേശ് കിഴക്കേക്കര, പ്രഫുൽ, വനിത എസ്.സി.പി.ഒ ബിന്ദു, സൈബർ സെല്ലിലെ ഷൈലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായത് കൃത്യം നടത്തി രണ്ടുമാസം തികയും മുമ്പ്
മങ്കട: രാമപുരം േബ്ലാക്ക് പടിയിലെ ആയിശയുടെ കൊലപാതകത്തിൽ പൊലീസിെൻറ പഴുതടച്ച അന്വേഷണ ഫലമായി രണ്ടുമാസം തികയും മുമ്പുതന്നെ പ്രതിയെ പിടിക്കാനായി. ഫോൺ കോളുകളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം എല്ലാ മാർഗവും ഉപയോഗിച്ചുള്ള അന്വേഷണമാണ് നടന്നത്. നാട്ടുകാരുടെ പൂർണ സഹകരണവും പൊലീസിന് ലഭിച്ചു. ഞായറാഴ്ച വൈകീട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ യോഗം നടക്കാനിരിക്കുകയാണ് ശനിയാഴ്ച തന്നെ പ്രതി പിടികൂടിയത്. പൊലീസിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രതിയോടുള്ള നാട്ടുകാരുടെ അമർഷവും തെളിവെടുപ്പ് സമയത്ത് പ്രകടമായിരുന്നു. നാട്ടുകാരുടെ ബഹളങ്ങൾക്കിടെ ഏറെ പ്രയാസപ്പെട്ടാണ് തെളിപ്പെടുപ്പ് കഴിഞ്ഞ് പൊലീസ് പ്രതിയെ വാഹനത്തിൽ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.