മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കൗൺസിലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ അൻപതോളം പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ പിടിയിൽ. രാജേഷ് ധോകെ (47) ആണ് അറസ്റ്റിലായത്. പോക്‌സോ, എസ്.സി- എസ്.ടി എന്നീ വകുപ്പുകൾ പ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെസിഡൻഷ്യൽ ക്യാമ്പുകളിൽ കൗൺസിലിംങ് നൽകാനെന്ന വ്യാജേനയാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ക്യാമ്പുകളിൽ രാജേഷ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പല പെൺകുട്ടികളെയും അവരുടെ വിവാഹശേഷവും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനമുറകളടക്കം പ്രയോഗിച്ചിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് പറയുന്നു. ആവർത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും രാജേഷിന്റെ മുൻ വിദ്യാർഥിയായ ഒരാൾ സഹുഡ്‌കേശ്വർ പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇരകളായ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്നും വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.