ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മോഷണക്കേസുകളിൽ കൂടുതൽ പേർ പ്രതികളായേക്കും. എടയപ്പുറത്ത് വാടകവീട്ടിൽ ഉറങ്ങിക്കിടന്ന ബിഹാർ സ്വദേശിനിയായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ സഹായിച്ചവരും മോഷണ വസ്തുക്കൾ വാങ്ങുകയും വിൽപനക്ക് സഹായിക്കുകയും ചെയ്തവരെയാണ് പൊലീസ് പിടികൂടാനൊരുങ്ങുന്നത്. എടയപ്പുറത്തെ പീഡനക്കേസിൽ ഇയാൾക്ക് പുറകെ മറ്റൊരാളെയും പ്രതിയാക്കിയേക്കുമെന്ന് സൂചനയുണ്ട്.
ക്രിസ്റ്റൽ രാജുമായി ബന്ധമുള്ള പശ്ചിമബംഗാൾ സ്വദേശി പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. കേസിൽ റിമാൻഡിലായ പ്രതി നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽവീട്ടിൽ ക്രിസ്റ്റൽ രാജിന്റെ (27) സുഹൃത്തായ ബംഗാൾ സ്വദേശി ബാലികയുടെ വീടിന് 150 മീറ്റർ അടുത്ത് മറ്റൊരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ക്രിസ്റ്റൽ രാജ് മോഷ്ടിച്ച ഫോൺ ഇയാൾ വാങ്ങിയിട്ടുണ്ട്.
മോഷ്ടിക്കുന്ന ഫോണുകൾ വിൽക്കാൻ ഇയാൾ സഹായിക്കുന്നതായും സൂചനയുണ്ട്. ഇയാൾ താമസിക്കുന്ന മുറിയിൽ ക്രിസ്റ്റൽ രാജ് ഇടക്ക് തങ്ങാറുണ്ടെന്നാണ് വിവരം. അതിനാൽ കുട്ടിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിന് മുമ്പ് ഇവിടെ വെച്ച് പദ്ധതിയിട്ടിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു.
കുട്ടിയുടെ വീട്ടിൽ ഇതിന് മുമ്പും ക്രിസ്റ്റൽ രാജ് വന്നതായും സംശയമുണ്ട്. മോഷണ ശ്രമത്തിനിടയാണ് കുട്ടിയെ കണ്ടതെന്നാണ് ക്രിസ്റ്റൽ രാജ് പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതെന്നുമാണ് ആദ്യ മൊഴിയിലുള്ളത്. എന്നാൽ, കുട്ടിയെ നേരത്തേ കണ്ടിട്ടുള്ള ക്രിസ്റ്റൽ രാജ് പീഡിപ്പിക്കാൻ തീരുമാനിച്ചാണ് വീട്ടിൽ കയറിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ ബംഗാൾ സ്വദേശിയുടെ സഹായം ലഭിച്ചോയെന്ന് അന്വേഷിക്കും. കൽപ്പണിക്കാരനെന്ന നിലയിൽ വാടകക്ക് താമസിക്കുന്ന ബംഗാൾ സ്വദേശി സ്ഥിരമായി ജോലിക്ക് പോകാറില്ല.
മോഷണ മുതലുകൾ വിൽക്കാൻ സഹായിക്കുന്നതിലൂടെ ധാരാളം പണം ലഭിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ കൂടുതൽ അടുപ്പമുള്ളതിനാലാണ് ക്രിസ്റ്റൽ രാജ് ബംഗാൾ സ്വദേശിയുടെ വീട്ടിൽ താമസിച്ചിരുന്നത്. ഇതുവഴിയാണ് കുട്ടിയെയും വീടും സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിച്ചതെന്നും പൊലീസ് കരുതുന്നു. ഇത്തരത്തിലാണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് പോയ വിവരമറിഞ്ഞത്.
ഈ അവസരം നോക്കിയാണ് വ്യാഴാഴ്ച പുലർച്ച വീട്ടിൽ കയറി കുട്ടിയെ എടുത്തു കൊണ്ടുപോയതെന്നും സംശയിക്കുന്നു. ഇത്തരം കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ ക്രിസ്റ്റൽ രാജിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ എറണാകുളം പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ക്രിസ്റ്റൽ രാജ് നിരവധി കേസുകളിൽ പിടിക്കപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.