കോന്നി: നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽനിന്ന് വനത്തിൽ നായാട്ട് നടത്തിയ ആദിവാസികൾ ഉൾപ്പെടെയുള്ള സംഘത്തെ വനപാലകർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ പ്രവീൺ പ്രമോദ്(29), ഏഴാംതല സ്വദേശി മനു, പ്രായപൂർത്തിയാകാത്ത ആദിവാസി വിഭാഗത്തിൽപെട്ടയാൾ എന്നിവരെയാണ് വനപാലകർ പിടികൂടിയത്. പ്രതികളായ മൂർത്തിമൺ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേൽ (പൊന്നച്ചൻ) എന്നിവർ കടന്നുകളഞ്ഞു.
പ്രതികളിൽനിന്ന് തിരനിറച്ച നാടൻ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകർ പിടിച്ചെടുത്തു. നടുവത്തുമൂഴി വനമേഖലയിലെ അഴകുപാറ ഭാഗത്തുനിന്നാണ് പ്രതികൾ പിടിയിലായത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ ചക്രവർത്തിയുടെ നിർദേശപ്രകാരം ഫോറസ്റ്റർ എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘം വനത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നതിനിടയാണ് വേട്ടസംഘം വനപാലകരുടെ പിടിയിലായത്.
കൂട്ടത്തിലുണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപെട്ടയാളുകളെ ഉപയോഗിച്ച് വനത്തിൽ വേട്ടനടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. ഫോറസ്റ്റർ എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ വനപാലക സംഘം കഴിഞ്ഞ 26നാണ് കാട്ടിലേക്ക് കയറിയത്. കോട്ടാംപാറയിൽനിന്ന് നടന്നുതുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് ക്യാമ്പ് ചെയ്യുകയും അടുത്ത ദിവസം രാവിലെ മൂന്ന്മുക്ക് ഭാഗത്ത് എത്തിയപ്പോൾ വനത്തിനുള്ളിൽനിന്ന് വെടിയൊച്ച കേൾക്കുകയും ചെയ്തു.
തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിൽ ചോരപ്പാടുകൾ കണ്ടെത്തുകയും അഴകുപാറ ഭാഗത്ത് താൽക്കാലിക ഷെഡിൽനിന്ന് നായാട്ടുസംഘത്തിലെ മൂന്ന് പേരെ കണ്ടെത്തുകയും ചെയ്തു. വനപാലകരെ കണ്ടതിനെ തുടർന്ന് സംഘത്തിലുണ്ടായിരുന്ന സുരാജ്, മിഖായേൽ എന്നിവർ കല്ലാർ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇവർക്കായി വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
പിടിച്ചെടുത്ത തോക്ക് തുടർനടപടികൾക്കായി തണ്ണിത്തോട് പൊലീസിന് കൈമാറി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.ജി രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബീറ്റ് ഓഫിസർ യു. രാജേഷ് കുമാർ, വനം വകുപ്പ് വാച്ചർ ബിനോയ് തുടങ്ങിയവർ അന്വേഷണത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.