തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ തിരുവല്ലയിലെ കാരയ്ക്കലിൽ വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കാരക്കൽ മാധവച്ചേരിൽ വടക്കേതിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗീസിനാണ് (65) കുത്തേറ്റത്. അമ്മിണിയെ ആക്രമിച്ച അയൽവാസിയായ കുഴിയിൽ പുത്തൻ വീട്ടിൽ സജി ( 54 ) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. സംഭവസമയം അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയിൽ കടന്നു കയറിയ സജി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നിലവിളി കേട്ട് ഭർത്താവും അയൽവാസികളും ഓടി എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ അമ്മിണിയെ കണ്ടു. ഇതോടെ സജി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് അയൽവാസികൾ ചേർന്ന് വയറിന് ഗുരുതര പരിക്കേറ്റ അമ്മിണിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ അമ്മിണിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് വീടിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. പിതാവ് പാപ്പച്ചനെ കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് ശേഷം ഏതാനും മാസം മുമ്പാണ് സജി പുറത്തിറങ്ങിയത്. ഈ കേസിൽ സജിക്കെതിരെ തമ്പിയും അമ്മിണിയും പൊലീസിൽ മൊഴി നൽകിയിരുന്നു.
ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.