മംഗളൂരു: വൈദികൻ വൃദ്ധ ദമ്പതികളെ ആക്രമിച്ചു. സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈദികനെ ചുമതലയിൽ നിന്ന് നീക്കി മംഗളൂരു രൂപത വാർത്താക്കുറിപ്പിറക്കി. ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ താലൂക്കിലെ വിട്ളക്കടുത്ത പെരിയൽത്തഡ്ക്ക ക്രൈസ്റ്റ് ദ കിങ് ദേവാലയം വൈദികൻ ഫാ.നെൽസൺ ഒലിവറെയാണ് അക്രമം പ്രവർത്തിച്ചത്.
ദേവാലയം പരിധിയിലെ വയോധിക ദമ്പതികളായ ജോർജിനെയും ഫിലോമിനനെയും ആശീർവദിക്കാനാണ് വൈദികൻ വ്യാഴാഴ്ച അവരുടെ വീട്ടിൽ എത്തിയത്. ചില കാര്യങ്ങളിൽ വൈദികനോടുള്ള അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച ദമ്പതികൾ മേലാൽ തങ്ങളുടെ വീട്ടിൽ കയറരുതെന്ന് വിലക്കുന്നതും ഇതിൽ കുപിതനായ ഫാ.നെൽസൺ അക്രമിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
മൂന്ന് ദിവസമായി സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിനെത്തുടർന്ന് മംഗളൂരു രൂപത അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഔദ്യോഗിക തലങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും രൂപതയുടെ സ്വന്തം നിലയിലുള്ള അന്വേഷണ ഭാഗമായാണ് വൈദികനെ പുറത്താക്കുന്നതെന്നും മംഗളൂരു രൂപത പബ്ലിക്ക് റിലേഷൻസ് ഓഫിസർമാരായ ഫാ.ജെ.ബി. സൽദാൻഹയും റൊണാൾഡ് കസ്റ്റെലിനോയും വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, സംഭവം സംബന്ധിച്ച് ദമ്പതികൾ പൊലീസിന് പരാതി നൽകുകയോ സ്വമേധയാ കേസെടുക്കുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.