ഭോപാൽ: മധ്യപ്രദേശിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ 19കാരിക്ക് 24കാരനായ യുവാവിന്റെ ക്രൂരമായ മർദനം. ക്രൂരമർദനത്തിന്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദമ്പതികൾ കൈപിടിച്ച് നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് യുവാവ് പെൺകുട്ടിയുടെ മുടിയിൽ പിടിച്ചുവലിച്ച് നിലത്തിട്ടു. തുടർന്ന് ദേഹമാസകലം ചവിട്ടുകയാണ്. അതിനുശേഷം പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചു. യുവാവിന്റെ സുഹൃത്താണ് ദൃശ്യം പകർത്തിയത്. ഇത് തടയാനും യുവാവ് ശ്രമിച്ചിരുന്നു.
ബുധനാഴ്ചയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. രണ്ടു പേർക്കെതിരെയും ഐ.ടി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, പ്രതിയായ പങ്കജ് ത്രിപാഠിയെയും വീഡിയോ റെക്കോർഡ് ചെയ്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ഒളിവിലായിരുന്ന പങ്കജ് ത്രിപാഠിയെ ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നാണ് പിടികൂടിയത്. ഇരുവരെയും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.
വീട്ടുകാരുടെ സമ്മതമില്ലാത്തതിനാലാണ് പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചത്. ഇതിൽ പ്രകോപിതനായിരുന്നു പങ്കജ്. വഴിയരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പങ്കജ് മൗഗഞ്ച് പട്ടണത്തിലെ ധേര ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും പെൺകുട്ടി മറ്റേതോ ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പെൺകുട്ടി പരാതി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.