തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്‌ലമിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേ സ്കൂളിലെ പ്ലസ് വണ്ണിൽ പഠിക്കുന്ന നാല് വിദ്യാർഥികളാണ് അസ്‌ലമിനെ ആക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്നാണ് വിദ്യാർഥികൾ ആക്രമിച്ചത്. കത്തി ഉപയോ​ഗിച്ച് പിന്നിലൂടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി അസ്‍ലമിന്റെ ശ്വാസകോശം തുളച്ചുകയറിയിട്ടുണ്ട്.

ഒരു മാസം മുൻപ് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡ‍ന്റിനും പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്നാണ് പോലീസ് പറയുന്നത്.

പ്രിൻസിപ്പളായ പ്രിയയെ വിദ്യാർഥികൾ കസേര കൊണ്ടു അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 18 വിദ്യാർഥികളെ സ്കൂളിൽ നിന്നു പുറത്താക്കി. സംഭവത്തിൽ 20 വിദ്യാർഥികൾക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു.

Tags:    
News Summary - One person was stabbed in a clash between school students in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.