വടകര: വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ഡോക്ടറുടെ 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയുമാണ് സൈബർ തട്ടിപ്പിന് ഇരയായത്.
സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ടെലഗ്രാം, വാട്സ്ആപ് പ്ലാറ്റ്ഫോമുകളിലൂടെ സ്റ്റോക്ക് ട്രേഡിങ് ഇൻവെസ്റ്റ്മെൻറുകളെക്കുറിച്ച് ക്ലാസെടുക്കുകയും തുടർന്ന് ചെറിയ തുകകൾ നിക്ഷേപിപ്പിച്ച് ലാഭം നൽകി വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് വലിയ തുകകൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാർക്ക് മനസ്സിലായത്. കൂടുതൽ പണം നിക്ഷേപിച്ചാൽ മുഴുവൻ തുകയും തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് പരാതിക്കാരിൽനിന്ന് ഇത്രയും വലിയ തുക തട്ടിയെടുത്തത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫറായിട്ടുള്ളതെന്ന് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.