പട്ന: ബിഹാർ, ഗായ് ഘട്ടിൽ സർക്കാർ പരിചരണ സ്ഥാപനത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കൂട്ടുനിന്നതിന് സൂപ്രണ്ട് വന്ദന ഗുപ്തയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വനിതാ പൊലീസ് സ്റ്റേഷനിൽ ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
കഴിഞ്ഞ ആറ് മാസമായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പരാതികളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. മാനസിക സമ്മർദം കൂടിയതിനെ തുടർന്ന് ഈ വർഷം രണ്ട് അന്തേവാസികൾ വന്ദനക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പൊലീസിൽ പരാതികൾ എത്തിയിരുന്നെങ്കിലും ഈ വർഷം ഫെബ്രുവരി മൂന്നിന് പട്‌ന ഹൈക്കോടതി കേസ് സ്വമേധയാ സ്വീകരിച്ചപ്പോഴാണ് പൊലീസ് സ്‌റ്റേഷനിൽ വന്ദനക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തത്.
ഇവർക്കെതിരെ ആരോപണം ഉന്നയിച്ച അന്തേവാസികളെ മാനസിക രോഗികളായി മുദ്ര കുത്തുകയും കള്ളം പറയുകയാണെന്ന് വന്ദന ആരോപിക്കുകയുമായിരുന്നു എന്ന് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ മിനു കുമാർ പറഞ്ഞു. കോടതി സ്വമേധയാ കേസെടുത്തപ്പോൾ മാത്രമാണ് കാര്യങ്ങൾ മെച്ചപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പെൺകുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അക്രമങ്ങൾക്കെതിരെ നിരവധി വനിതാ സംഘടനകൾ രംഗത്ത് വന്നിരുന്നതായി ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷിലെ (എ.ഐ.പി.ഡബ്ല്യു.എ) സാമൂഹിക പ്രവർത്തക അനിത കുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.