മോഷ്ടാക്കളെന്നാരോപിച്ച് നാട്ടുകാർ പിന്തുടർന്ന് മർദിച്ചു; 10 വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: മോഷ്ടാക്കളെന്നാരോപിച്ച് നാട്ടുകാർ പിന്തുടർന്ന് മർദിച്ച ആറംഗ കുടുംബത്തിലെ 10 വയസുകാരിക്ക് ദാരുണാന്ത്യം. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം.

കടലൂര്‍ സ്വദേശികളായ സത്യനാരായണസ്വാമി-ലില്ലി പുഷ്പ ദമ്പതിമാരുടെ മകള്‍ കറുപ്പകാംബികയാണ് മരിച്ചത്. നവംബർ 14നായിരുന്നു മർദനം. സംഭവത്തിൽ 30 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കിള്ളന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ നിന്ന് വെങ്കല ഉരുപ്പടികൾ മോഷണം പോയതായി കാണിച്ച് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ സംഘം മേഖലയിൽ കറങ്ങുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. തുടർന്നാണ് ആറംഗ കുടുംബം സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തി നാട്ടുകാർ ആക്രമിച്ചത്.

നാട്ടുകാർ ഓട്ടോയെ പിന്തുടരുന്നതും കുട്ടികളെ ഉൾപ്പെടെ ക്രൂരമായി മർദിക്കുന്നതിന്‍റെയും വിഡിയോ പുറത്തുവന്നിരുന്നു. ഇവർ മോഷ്ടാക്കളാണെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയതാണെന്നുമാണ് നാട്ടുകാരുടെ വാദം.

എന്നാൽ, തങ്ങൾ സ്ഥിരമായി ക്ഷേത്ര സന്ദർശനം നടത്തുന്നവരാണെന്ന് കുട്ടികളുടെ മാതാവായ കൂടല്ലൂർ സ്വദേശി ലില്ലി പുഷ്പ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നാല് കുട്ടികളും പുഷ്പയും ഭർത്താവുമാണ് തിങ്കളാഴ്ച ക്ഷേത്ര സന്ദർശനത്തിനെത്തിയത്. മൂന്ന് പേർ ചേർന്ന് തങ്ങളെ തടഞ്ഞുവെക്കുകയും മോഷണത്തിൽ പങ്കുണ്ടോയെന്ന് ചോദിച്ച് അപമാനിക്കുകയുമായിരുന്നു.

നാട്ടുകാർ കൂടുതലെത്തി അക്രമാസക്തരായതോടെ ഓട്ടോയിൽ കയറി പോകാൻ ശ്രമിച്ചു. ഇതോടെയാണ് പിന്നാലെ പിന്തുടർന്നെത്തി ക്രൂരമായി മർദിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു മർദനം -പുഷ്പ പറഞ്ഞു. പരിക്കേറ്റവരെല്ലാം ആശുപത്രിയിലാണ്.

അതേസമയം, കുടുംബം മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രചരിക്കുന്ന വിഡിയോയിൽ, നാട്ടുകാർ പിന്തുടരവേ ഏതാനും വെങ്കല ഉരുപ്പടികൾ പുഷ്പയുടെ ഭർത്താവ് സത്യനാരായണ സ്വാമി പുറത്തേക്ക് എറിയുന്നതായി കാണാമെന്ന് പൊലീസ് പറ‍യുന്നു. കൊലക്കേസ് ഉൾപ്പെടെ ഏതാനും കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇതൊന്നും ജനക്കൂട്ടത്തിന്‍റെ ആക്രമണത്തെ ന്യായീകരിക്കാവുന്ന വസ്തുതകളല്ലെന്നും പത്തുവയസുകാരിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ലഘൂകരിച്ച് കാണില്ലെന്നും പുതുക്കോട്ട എസ്.പി വന്ദിത പാണ്ഡേ പറഞ്ഞു. അതേസമയം, തിരിച്ചറിയാത്ത 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 

Tags:    
News Summary - Pudukkottai: 10-year-old girl dies in TN two days after mob attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.