നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വ്യാപാരിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജങ്ഷനിൽ പലവ്യഞ്ജന വ്യാപാരിയായ രാജനാണ് ആക്രമിക്കപ്പെട്ടത്. ഒക്ടോബർ രണ്ടിന് രാത്രി 11ന് കട അടച്ച് വീട്ടിലേക്ക് പോകവേയാണ് സംഭവം.
ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ച രാജനെ മാരുതി വാഗണർ കൊണ്ട് ഇടിച്ചിട്ട ശേഷം മാരകായുധങ്ങൾകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസ് സി.സി.ടി.വി, ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അരുവിക്കര സ്വദേശി രഞ്ജിത്ത് (34), കല്ലറ പാങ്ങോട് സ്വദേശി സാം (29), നെടുമങ്ങാട് മഞ്ച സ്വദേശി സുബിൻ (32) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെയും സി.ഐ എസ്.ബി. പ്രവീൺ, എസ്.ഐ ആശിഷ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
കടയിൽ പലവ്യഞ്ജനം വാങ്ങാൻ വന്ന നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയോട് രാജൻ അപമര്യാദയായി പെരുമാറി. തുടർന്ന് ഇവരുടെ ബന്ധു ഒന്നാം പ്രതി രഞ്ജിത്തിന് വ്യാപാരിയെ ആക്രമിക്കാൻ 20000 രൂപക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ആഴ്ചകൾക്കുമുമ്പേ വ്യാപാരി കടയിൽ പോകുന്ന വഴിയും വീടും പരിസരവും നിരീക്ഷിച്ചായിരുന്നു ആക്രമണം.
പൊലീസിന് തെളിവൊന്നും നൽകാതെ അതിവിദഗ്ധമായിട്ടാണ് ആക്രമണവും രക്ഷപ്പെടലും. വാടകക്കെടുത്ത വാഗണർ കാറിൽ നെടുമങ്ങാട് സ്വദേശികളായ പ്രതികൾ വിഴിഞ്ഞം ഭാഗത്തുനിന്നാണ് സംഭവസ്ഥലത്തെത്തിയത്. എന്നാൽ നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പൊലീസ് വലിയിലാക്കുകയായിരുന്നു. നൂറിലേറെ സാക്ഷികളുടെ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ പെരുമ്പഴുതൂർ ജങ്ഷനിലും സംഭവസ്ഥലമായ വിഷ്ണുപുരത്തും എത്തിച്ച് പൊലീസ് തെളിവെടുത്തു. സി.പി.ഒമാരായ അരുൺ കുമാർ, ബിനോയ് ജസ്റ്റിൻ, ലെനിൻ, ഷിജിൻ ദാസ്, രാഹുൽ ബാബു തുടങ്ങിയവരും പ്രത്യേക അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.