തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി നൂറുകണക്കിന് യുവതി-യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. പള്ളിച്ചൽ ഭഗവതിനട ശിവാലയക്കോണം ഇന്ദു ഭവനിൽ രഘുവരൻ നായരെയാണ് (65) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സംസ്ഥാന ഗവ.സർവിസിൽനിന്ന് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനാണ്.
അഭ്യസ്തവിദ്യരായ യുവാക്കളെ ഇയാൾ വാക്ക്ചാതുര്യം കൊണ്ട് ആകര്‍ഷിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഇത്തരത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലും മറ്റ് ജില്ലകളിലും നിരവധി പേരിൽനിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിച്ചെടുത്തത്. രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ഉദ്യോഗാർഥിയിൽനിന്ന് രണ്ടരലക്ഷം മുതൽ പത്ത് ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. 2019ൽ പൗഡിക്കോണം സ്വദേശികളായ രണ്ട് യുവാക്കളെ തിരുവല്ലം പരശുരാമക്ഷേത്രത്തിന് സമീപം വിളിച്ചുവരുത്തി അഞ്ച് ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചതിന് തിരുവല്ലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.
സമാനരീതിയിൽ ഈ കാലയളവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നിരവധി പേരിൽനിന്ന് വൻതുകകൾ കൈക്കലാക്കി നാടുവിട്ട ഇയാളെ പിടികൂടാൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രതി രഘുവരൻനായർ കുടുംബാംഗങ്ങളുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. എങ്കിലും, റിട്ടയർ ഉദ്യോഗസ്ഥനായ ഇയാൾ സംസ്ഥാനത്തെ പല പെൻഷൻ ഓഫിസുകളിൽനിന്നും മാറിമാറി തെൻറ പെൻഷൻ തുക കൈപ്പറ്റിയിരുന്നു.
പ്രത്യേക അന്വേഷണസംഘം നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച രീതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ ചോദ്യം ചെയ്തതിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തിെൻറ സമീപപ്രദേശങ്ങളായ മാവേലിക്കര, ചാരുമ്മൂട്, കണ്ടിയൂർ, കറ്റാനം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സമാനരീതിയിൽ പണം തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം, പൂജപ്പുര, നേമം, വലിയതുറ, നെയ്യാറ്റിൻകര എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതി നടത്തിയിട്ടുള്ള കൂടുതൽ തട്ടിപ്പുകളെക്കുറിച്ചും പണം ചെലവഴിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, എ.എസ്.ഐമാരായ പ്രിയദേവ്, സുഭാഷ്, സി.പി.ഒമാരായ രാജേഷ് ബാബു, സുജിത് ലാൽ, അജിത് കുമാർ, രാജീവ് കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.