മാരകായുധങ്ങളുമായി റീല്‍സ് വിഡിയോ; യുവതിയെ അന്വേഷിച്ച് പൊലീസ്

കോയമ്പത്തൂര്‍: ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി വലവിരിച്ച് പൊലീസ്. തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23)യെ പിടികൂടാനാണ് കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് വിഡിയോകൾ പോസ്റ്റ് ചെയ്യുകയും എതിർഗാങ്ങിനെ വെല്ലുവിളിക്കുകയും പതിവാക്കിയ ആളാണ് യുവതിയെന്ന് പൊലീസ് പറയുന്നു.

മാരകായുധങ്ങളുമായാണ് മിക്ക വിഡിയോകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഒട്ടേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രാഗ ബ്രദേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും എതിര്‍സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇത്തരം റീല്‍സുകളുടെ ഉദ്ദേശ്യമെന്നും പൊലീസ് പറയുന്നു.

തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു. 2021ലാണ് കഞ്ചാവ് കൈവശംവെച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തത്. സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പംസ്ഥാപിച്ച് ഇവരെ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം തട്ടുന്നതും യുവതിയുടെ പതിവാണ്.


ക്രിമിനല്‍സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കാനായാണ് ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Tags:    
News Summary - Reels with deadly weapons; Police search for Tamannaah, accused in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.