കോട്ടയം: നിയമനടപടികൾ ശക്തമായി തുടരുമ്പോഴും ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം നവംബർവരെ 211 കേസുകൾ രജിസ്റ്റർ ചെയ്തു. 2015ല്‍ ജില്ലയിൽ 71 കേസുകൾ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2016ൽ 112, 2017ൽ 145, 2018ൽ 157, 2019ൽ 195, 2020ൽ 132, 2021ൽ 168, 2022ൽ 192, 2023ൽ 251എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ കേസുകളുടെ എണ്ണം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൊത്തം റിപ്പോര്‍ട്ട് ചെയ്തത് 1634 കേസുകളാണ്. എല്ലാ സ്റ്റേഷനുകളിലും പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം എട്ടാം സ്ഥാനത്താണ്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറെയും ഇന്‍സ്റ്റഗ്രാം പരിചയം മുതലെടുത്ത് ചൂഷണം ചെയ്തതാണെന്നും പൊലീസ് പറയുന്നു. മൊബൈല്‍ ഫോണും വില്ലനാകുന്നുണ്ട്. ക്രിമിനൽ കേസ് പ്രതികൾ പോലും സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾ അടക്കമുള്ളവരെ ചതിയിൽ വീഴ്ത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാർഥികളിലേറെയും ഇരകളായത് മൊബൈലിലൂടെ പരിചയപ്പെട്ടവരുടെ വലയില്‍ വീണാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി വിദ്യാർഥികൾക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെ, ഇത്തരം ചൂഷണങ്ങൾ വർധിച്ചതായും പൊലീസ് പറയുന്നു.
15നും 17നുമിടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്‍സ്റ്റഗ്രാമിന്റെ ഇരകളാണ്. റീല്‍സ് ചെയ്തും മറ്റും ഇന്‍സ്റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരിലേറെയും. പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും ഇതര ജില്ലക്കാരാണ്.
സ്കൂളുകളിൽ അടക്കം നടത്തുന്ന കൗൺസലിങ്ങുകളിൽനിന്നാണ് പല ചൂഷണങ്ങളും പുറത്തുവന്നത്.
അതേസമയം, കേസുകളിൽ പൊലീസ് അതിവേഗ ഇടപെടൽ നടത്തുന്നുണ്ട്. ബോധവത്കരണങ്ങളും സജീവമാണ്. ഇതിനിടയിലും കേസുകളുടെ എണ്ണം വർധിക്കുന്നത് സാമൂഹ്യപ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒാരോദിവസവും പുതിയ സംഭവങ്ങളാണ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.